banner

ഹൈക്കോടതി ജഡ്ജിക്ക് കോഴ നൽകാനെന്ന പേരിൽ അഭിഭാഷകൻ കാൽക്കോടി വാങ്ങിയെന്ന് പരാതി

കൊച്ചി : ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്ന് അഭിഭാഷകൻ കോഴ വാങ്ങിയെന്ന പരാതിയിൽ പ്രാഥമികാന്വേഷണം ആരംഭിച്ചു. ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് കുഞ്ഞികൃഷ്ണന് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് ഇടങ്ങൂർ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ്റെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം ആരംഭിച്ചത്.

ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കാനായാണ് ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കൂടിയായ സൈബി ജോസ് ഇടങ്ങൂർ സിനിമാ നിർമ്മാതാവ് കൂടിയായ കക്ഷിയിൽ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. ഈ വിവരം കക്ഷിയിൽ നിന്ന് പുറത്തറിഞ്ഞതോടെ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു.

വിജിലൻസിൻ്റെ അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിൻ്റെ നിർദ്ദേശത്തിൽ പൊലീസ് അന്വേഷണം നടത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇതിനായി കേസുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യും. പ്രാഥമികാന്വേഷണത്തിന് ശേഷമാകും കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതി കൈക്കൊള്ളുക.

Post a Comment

0 Comments