banner

സംസ്ഥാനത്താകെ ജപ്തി നടപടികൾ: ഇരുപത്തിനാല് പി.എഫ്‌.ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ടിവി അനുപമ ഐഎഎസ്, പോലീസ് വാഹനം (ഫയൽ ചിത്രം)

കൊല്ലം : പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിൽ നടന്ന മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്തു തുടങ്ങി. സംസ്ഥാനത്താകെ 24 ഓളം നേതാക്കളുടെ സ്വത്തുക്കളാണ് റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ ജപ്തി ചെയ്തത്. സര്‍ക്കാരിന് ഹൈക്കോടതി നല്‍കിയ സമയം നാളെ അവസാനിക്കാനിരിക്കെയാണ് ധൃതിപ്പെട്ടുള്ള നടപടി. നാളെ അഞ്ചുമണിക്ക് മുമ്പായി നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കളക്ടര്‍മാര്‍ക്ക് ലാന്റ് റവന്യു കമ്മിഷണര്‍ ടിവി അനുപമ നൽകിയ ഉത്തരവിൽ പറയുന്നു.

പിഎഫ്‌ഐ ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെ കൊല്ലത്തെ വീടും സ്വത്തു വകകളും ഇതിൽ ഉൾപ്പെടുന്നു. കുന്നംകുളത്ത് അഞ്ച് നേതാക്കളുടെയും കാസർകോട് നാല് നേതാക്കളുടെയും സ്വത്തുക്കൾക്കൾ കണ്ടുകെട്ടി. തലസ്ഥാനത്ത് അഞ്ചിടത്തും, വയനാട്ടിൽ 14 പേരുടെയും സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.

പോപുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലിൽ സംസ്ഥാനത്ത് കോടികളുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. സർക്കാറും കെഎസ്ആർടിസിയും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ അഞ്ചു കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാൻ സെപ്തംബർ 29ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദേശിച്ചിരുന്നു. വിധിയുമായി ബന്ധപ്പെട്ട തുടർ നടപടികളിൽ വീഴ്ച പറ്റിയെന്ന് സർക്കാർ നേരത്തെ കോടതിയിൽ സമ്മതിച്ചിരുന്നു. തുടർന്ന് കോടതി കടുത്ത വിമർശനം സർക്കാരിനെതിരെ ഉന്നയിക്കുകയും ജപ്തി നടപടി ഉടൻ പൂർത്തിയാക്കണമെന്ന് അന്ത്യശാസനം നൽകുകയുമായിരുന്നു.

2022 സെപ്തംബർ 23നായിരുന്നു പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിന്നൽ ഹർത്താൽ. പിന്നാലെ സംസ്ഥാനത്താകെ ഹർത്താലുമായി ബന്ധപ്പെട്ട 487 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1992 പേരെ അറസ്റ്റു ചെയ്തതായും 687 ഓളം പേരെ കരുതൽ തടങ്കലിൽ വച്ചിരുന്നതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Post a Comment

0 Comments