അഞ്ചാലുംമൂട് : കോൺഗ്രസ്സ് ഭരിക്കുന്ന തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ ഭരണകക്ഷി അംഗം ആർ.എസ്.എസ് പരിപാടിയിൽ ഉദ്ഘാടകയായി പങ്കെടുത്ത സംഭവം വിവാദങ്ങളിലേക്ക്. ഭരണ സമിതിയിലെ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അദ്ധ്യക്ഷ സലീനാ ഷാഹുലാണ് സേവാഭാരതിയുടെ പൊതു പരിപാടിയിൽ ഉദ്ഘാടകയായി പങ്കെടുത്ത് പാർട്ടിയെ പൊല്ലാപ്പിലാക്കിയത്. നേരത്തെ തന്നെ തൃക്കരുവയിൽ കോൺഗ്രസ് - ബിജെപി രഹസ്യ സഖ്യം ഉണ്ടെന്ന വാദം സി.പി.എം ഉയർത്തിയിരുന്നു. പിന്നാലെ സ്വീകാര്യതയുള്ള വനിതാ പ്രവർത്തക തന്നെ പരസ്യമായി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഈ സംഖ്യം നിലനില്ക്കുന്നതിന് തെളിവാണെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചു.
സേവാഭാരതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത സ്വച്ച് കേരള ശുചീകരണ യജ്ഞത്തിൻ്റെ സമിതിതല ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. തൃക്കരുവയിലെ മൃഗാശുപത്രി വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് സേവാഭാരതിയുടെ പ്രാദേശിക നേതാക്കളും പ്രവർത്തകരും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഈ യോഗത്തിൻ്റെ ഉദ്ഘാടനമാണ് ഭരണകക്ഷി അംഗം നിർവ്വഹിച്ചത്. പിന്നാലെയാണ് കടുത്ത ആരോപണങ്ങളുയർത്തി സി.പി.എം രംഗത്തെത്തിയത്. ഭരണ സമിതിയിലെ മറ്റ് പ്രധാനപ്പെട്ട അംഗങ്ങൾക്കെതിരെയും സമാന ആരോപണങ്ങൾ മുമ്പും ഉണ്ടായിട്ടുള്ളതായാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്.
പ്രാദേശിക കോൺഗ്രസ്സ് നേതൃത്വം ഔദ്യോഗിക പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല. അതേ സമയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രഖ്യാപിത ആർ.എസ്.എസ് വിരുദ്ധ നിലപാട് നിലനില്ക്കെയാണ് സ്വീകാര്യതയുളള പ്രാദേശിക വനിതാ നേതാവ് ഇത്തരത്തിൽ സേവാഭാരതിയുടെ സ്വകാര്യ പരിപാടിയിൽ പങ്കെടുത്തത്. മുമ്പ് സമാന സാഹചര്യം നെടുവത്തൂരിലും ഉണ്ടായിരുന്നു. ഇതോടെ പ്രദേശിക നേതൃത്വങ്ങളെ ന്യായീകരിക്കാനും തയ്യാറാവാത്ത നിലപാടാണ് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സ്വീകരിക്കുന്നത്. മറുപടിയില്ലാത്തതിനാലാണ് ന്യായീകരിക്കാത്തതെന്ന് ഇടതുപാർട്ടി നേതാക്കൾ തുറന്നടിച്ചു.
0 Comments