banner

ക്യൂബ നേരിടുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി; ജനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നു; തങ്ങളുടെ രാജ്യത്തിന് ലോകത്തിന്റെ ഐക്യദാര്‍ഢ്യം വേണമെന്ന അഭ്യര്‍ത്ഥനയുമായി ചെ ഗുവേരയുടെ മകള്‍

കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണെന്ന് ചെഗുവേരയുടെ മകള്‍ അലൈഡ ഗുവേര. കോവിഡ് മഹാമാരിയും അമേരിക്ക ഉപരോധവും രാജ്യത്തെ പ്രതിസന്ധി രൂക്ഷമാക്കി. ക്യൂബന്‍ സര്‍ക്കാര്‍ എല്ലാ വിഭവങ്ങളും ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിച്ചു. എങ്കിലും പ്രതിസന്ധിയുണ്ടെന്നത് യാഥാര്‍ഥ്യമാണ്. കഴിഞ്ഞ വര്‍ഷം ക്യൂബക്കാരായ നിരവധി പേര്‍ രാജ്യം വിട്ടത് വേദനജനകമാണ്.

പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തിക്കണം. ജനങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷ്യസാധനങ്ങള്‍ കൂടുതലായി ഉല്‍പാദിപ്പിക്കണമെന്നും അലൈഡ ഗുവേര പറഞ്ഞു. ക്യൂബക്ക് ലോകത്തിന്റെ ഐക്യദാര്‍ഢ്യം വേണമെന്നും വിജയം വരെ പോരാട്ടം തുടരുമെന്നും അവര്‍ ബംഗളൂരുവില്‍ നടക്കുന്ന സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനത്തില്‍ സംസാരിച്ചുകൊണ്ട് അഭ്യര്‍ത്ഥിച്ചു.

അനീതികള്‍ക്കെതിരെ പൊരുതാനും സമൂഹത്തില്‍ മാറ്റംകൊണ്ടുവരാനും ജനങ്ങളുടെ ഐക്യമാണ് ഏറ്റവും വലിയ ശക്തിയെന്ന് പ്രതിനിധികളെ അഭിവാദ്യംചെയ്ത അലെയ്ഡ പറഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ 90 മൈല്‍ അകലെ ക്യൂബ എന്ന ചെറുദ്വീപില്‍ സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുത്തത് ജനങ്ങളുടെ ഐക്യം കൊണ്ടാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഈവര്‍ഷം പലരും നിവൃത്തിയില്ലാതെ രാജ്യം വിട്ടുപോകുന്ന സാഹചര്യമുണ്ടായി. വേദനാജനകമായ ഈ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരും ജനതയും ഒരുമിച്ചുനിന്ന് പരിശ്രമിക്കുകയാണ്. ലോകത്തിന്റെ ഐക്യദാര്‍ഢ്യം ഇക്കാര്യത്തില്‍ പ്രധാനമാണ്. ക്യൂബന്‍ വിപ്ലവം നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കയാണെന്നും അലെയ്ഡ പറഞ്ഞു.

Post a Comment

0 Comments