banner

അഞ്ചാലുംമൂട്ടിലും പരിസരത്തും ലഹരി സംഘങ്ങൾ തലപൊക്കുന്നു; പനയത്ത് വിദ്യാർഥികളടക്കം പുകവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഒന്നും ചെയ്യാനാകാതെ പോലീസ്

അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലും പരിസര പ്രദേശങ്ങളിലുമായി ലഹരി സംഘങ്ങൾ ഉടലെടുക്കുന്നതായ ആരോപണങ്ങൾ ഉയർന്നിട്ട് മാസങ്ങൾ പിന്നിടുന്നു. തെളിവ് സഹിതം ഈ വാർത്ത ജനങ്ങളിലെത്തിച്ചത് അഷ്ടമുടി ലൈവ് ന്യൂസ് തന്നെയാണ്. ഈ വിവരത്തെ അനിഷേധ്യമായി സാധൂകരിക്കുകയാണ് പനയത്ത് വിദ്യാർഥികളടക്കം പുകവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്ന സംഭവം. 'പൊലീസിനെ അറിയിച്ചാൽ അവർ എത്തുന്നതിന് മുൻപേ അവർ ഓടി മറയും, പിറ്റേന്ന് പൊലീസ് എത്തിയതിനെ ചൊല്ലിയാകും അസഭ്യവർഷവും ലഹരിസേവയും'. നാട്ടുകാരിലൊരാൾ ഭയത്തോടെ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു.

പനയത്തെ മാത്രം സ്ഥിതിയല്ല ഇത്. 16 മുതൽ 21 വയസ്സുവരെ പ്രായമുള്ള യുവാക്കൾ സംഘടിച്ച് കഴിഞ്ഞ ദിവസം കാഞ്ഞാവെളിയിൽ കുടുംബസ്ഥനായ യുവാവിന് നേരെ ചാടിക്കയറിയത് മറ്റൊന്നിനുമല്ല സുഹൃത്തിന് ഇയാളുടെ വഴിയിൽ പുകവലിക്കാൻ അനുമതി കൊടുത്തില്ലത്രെ. നാട്ടുകാർ മൂക്കത്ത് വിരൾ വച്ചു പോയി. സമൂഹം പോയൊരു പോക്കെയെന്ന് ചിലർ അടഞ്ഞൊരു ശബ്ദത്തിൽ ആരോടെന്നില്ലാതെ പുലമ്പി. പ്രദേശത്തെ ഇടറോഡുകളും ഒഴിഞ്ഞ കെട്ടിടങ്ങളും സാമൂഹ്യ വിരുദ്ധരുടെ താവളമായിട്ട് നാളുകളേറെ കഴിഞ്ഞു. ഈക്കാര്യം ചൂണ്ടിക്കാട്ടിയ നാട്ടുകാരെ പുരോഗമനവാദികളെന്ന് സ്വയം പ്രഖ്യാപിച്ച ചില സംഘം താറടിച്ചത് ഇതേ പ്രദേശത്ത് തന്നെയാണ്.

അഷ്ടമുടിയിലെയും കരുവയിലെയും സ്ഥിതി മറ്റൊന്നല്ല. പെരുമൺ ഭാഗത്തും ചില സംഘങ്ങൾക്കെതിരായ പരാതികൾ അഷ്ടമുടി ലൈവിനെ നാട്ടുകാർ വിളിച്ചറിയിച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഒന്നും ചെയ്യാനാകാതെ കുഴയുകയാണ് അഞ്ചാലുംമൂട് പോലീസ്. ജില്ലയിലെ ഏറ്റവും ഉയർന്ന അളവിൽ എം.ഡി.എം.എ പിടിച്ചെടുത്ത ഒരു പ്രദേശം കൂടിയാണ് ഇതെങ്കിലും കൃത്യ സമയത്ത് പോലീസ് സേവനം ലഭിക്കുന്നില്ല എന്ന പരാതിയും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്. പ്രായപൂർത്തിയാകാത്തവരാണ് പിടിക്കപ്പെടുന്നതെങ്കിൽ നിയമ പ്രശ്നങ്ങൾ പിന്നെയും ഏറെ.

Post a Comment

0 Comments