banner

പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലെ കോടികളുടെ നഷ്ടം തിരികെ പിടിക്കാൻ സംസ്ഥാനം ഒരുങ്ങുന്നു; എൻ.ഐ.എ കണ്ടുകെട്ടാത്ത ആസ്തികൾ ഇനി സർക്കാരിലേക്ക്

കോഴിക്കോട് : പോപ്പുലർ ഫ്രണ്ടിനെതിരെ സംസ്ഥാനത്തും നടപടി. പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ ദിനത്തിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാൻ സർക്കാർ പ്രതികളുടെ സ്വത്തുവിവരം ശേഖരിക്കും. സബ് രജിസ്റ്റ്രാർ ഓഫിസുകളും വില്ലേജ് ഓഫിസുകളും വഴിയാണ് വിവരം ശേഖരിക്കുന്നത്. അക്രമക്കേസിൽ പ്രതികളായ 3785 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് രജിസ്റ്റ്രാർ ഓഫിസുകളിലുമെത്തി. 2022 സെപ്റ്റംബർ 23ന് പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താൽ ദിനത്തിലെ അക്രമങ്ങളിലുണ്ടായ 5.2 കോടി രൂപയുടെ നഷ്ടം ഈടാക്കാനുള്ള റവന്യു റിക്കവറി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇടപെടൽ.

പോപ്പുലർ ഫ്രണ്ട് നിരോധിച്ചപ്പോൾ ഭാരവാഹികളിൽ പ്രമുഖരെ എൻ.ഐ.എ. അറസ്റ്റ് ചെയ്യുകയും സംഘടനയുടെ ആസ്തികൾ കണ്ടുകെട്ടാനും അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. എൻ.ഐ.എ. കണ്ടുകെട്ടാത്ത ആസ്തികളാകും സംസ്ഥാനസർക്കാർ ജപ്തി ചെയ്യുക. പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹികളുടെ അറസ്റ്റിനെത്തുടർന്നാണ് സംസ്ഥാനത്ത് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്. ഇതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള റവന്യൂറിക്കവറി നടപടികൾ ജനുവരി 15 നകം നടപടികൾ പൂർത്തിയാക്കാനാണ് ശ്രമം.

പ്രതികളുടെ സ്വത്തുവിവരം ജില്ലാ രജിസ്റ്റ്രാർക്കു കൈമാറാനാണു നിർദ്ദേശം. ജില്ലാ രജിസ്റ്റ്രാർ ഇതു റജിസ്‌ട്രേഷൻ ഐജിക്കു കൈമാറണം. ഓരോ താലൂക്ക് പരിധിയിലെയും പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക തഹസിൽദാർമാർക്കും കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫിസർമാരോട് അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരം കണ്ടെത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. സ്വത്തുവിവരം ലഭിച്ച ശേഷം റവന്യു റിക്കവറി നടപടികൾ ആരംഭിക്കും. ഒരു മാസത്തിനകം റവന്യു റിക്കവറി നടപടികൾ പൂർത്തിയാക്കുമെന്നു സർക്കാർ ഡിസംബർ 23ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മിന്നൽ ഹർത്താലിനെത്തുടർന്നു ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ആണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ക്ലെയിംസ് കമ്മിഷണർക്ക് എറണാകുളം ഗവ. ഗെസ്റ്റ് ഹൗസിൽ സിറ്റിങ്ങിനു സൗകര്യം ഒരുക്കുമെന്നും സംഘടനയുടെയും അബ്ദുൽ സത്താറിന്റെയും സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ റജിസ്‌ട്രേഷൻ ഐജി കൈമാറിയിട്ടുണ്ടെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോടതിയുടെ ഉത്തരവാണോ സർക്കാരിന്റെ ഉത്തരവാണോ നടപ്പാക്കേണ്ടതെന്ന കാര്യത്തിൽ ചില ഉദ്യോഗസ്ഥർക്കെങ്കിലും സംശയമുണ്ടെന്നും 'മാസ്റ്റർ' ആരാണെന്ന ചിന്തയാണ് ഇതിനു പിന്നിലെന്നും വാദത്തിനിടെ കോടതി പരാമർശിച്ചു. ശമ്പളം നൽകുന്നതു കോടതിയല്ലാത്തതിനാൽ കോടതിയെ അനുസരിക്കേണ്ടതില്ലെന്ന ചിന്ത ചില ഉദ്യോഗസ്ഥർക്കുണ്ട്. ഈ ചിന്ത മാറ്റണം. നടപടി വൈകിയാൽ നീതി വൈകുന്നുവെന്ന് ആക്ഷേപമുണ്ടാകും. ജുഡീഷ്യറിയും എക്‌സിക്യൂട്ടിവും പരസ്പരം സഹകരിച്ചു പ്രവർത്തിക്കണമെന്നും കോടതി പരാമർശിച്ചു.

നേതാക്കളുടെ സാമ്പത്തികവിവരങ്ങൾ, സംഘടനയുടെ പ്രവർത്തനത്തിന് സഹായം നൽകിയവർ, സഹായം നൽകിയവരുടെ സാമ്പത്തികസ്രോതസ്സ്, ബിസിനസ് പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.തീവ്ര ആശയവുമായി മറ്റേതെങ്കിലും ഇടപെടലുകൾ നടത്തുന്നവരെയും നിരീക്ഷിക്കും. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ചേർന്നുപ്രവർത്തിക്കുന്നവരും നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.

Post a Comment

0 Comments