banner

കോഴിമുട്ട മോഷ്ടാക്കൾ പോലീസ് പിടിയിൽ; പിടിയിലായതോടെ തകർന്നത് പ്രതികളുടെ കുബുദ്ധി

കോഴിക്കോട് : കോഴിമുട്ടകള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി പീറ്റര്‍ സൈമണ്‍ എന്ന സനു (42), മങ്ങോട്ട് വയല്‍ സ്വദേശി കെ.വി.
അര്‍ജ്ജുന്‍(32) എന്നിവരാണ് പിടിയിലായത്.

മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന 75,000 രൂപ വിലവരുന്ന കോഴി മുട്ടകളും, ഗുഡ്സ് ഓട്ടോറിക്ഷയുമാണ് പ്രതികള്‍ കവര്‍ന്നത്. നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്.

മാര്‍ക്കറ്റില്‍ എത്തിക്കേണ്ട കോഴിമുട്ടകളുമായി അര്‍ദ്ധരാത്രിയില്‍ കോഴിക്കോട് നഗരത്തില്‍ ഗുഡ്സ് ‘ ഓട്ടോയില്‍ എത്തിയ ഡ്രൈവര്‍ വാഹനം വെസ്റ്റ്ഹില്‍ ഭാഗത്ത് റോഡരികില്‍ നിര്‍ത്തിയിട്ടു. തുടന്ന്, കുറച്ച്‌ ദൂരെ മാറി വിശ്രമിച്ചു. ആ സമയത്ത് മറ്റൊരു പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ വന്ന പ്രതികള്‍ മുട്ടകള്‍ ഗുഡ്സ് ഓട്ടോറിക്ഷ സഹിതം ആള്‍പാര്‍പ്പില്ലാത്ത വിജനമായ സ്ഥലത്തെത്തിച്ചു.

തുടര്‍ന്ന്, വണ്ടിയില്‍ നിന്നും മുട്ടകള്‍ പല സമയങ്ങളിലായി പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ കയറ്റി കോഴിക്കോട് നഗരത്തില്‍ തന്നെയുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലുമായി ചുരുങ്ങിയ വിലക്ക് വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മൊബൈല്‍ ഫോണുകളും മറ്റും ഉപയോഗിക്കാതെ ആസൂത്രിതമായി മോഷണം നടത്തിയ പ്രതികളെ നിരവധി സിസിടിവികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയുടെയും, സൈബര്‍ സെല്ലിൻ്റെയും സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.

കളവ് ചെയ്ത ഗുഡ്സ് ഓട്ടോറിക്ഷയും, മുട്ടകള്‍ വില്‍പന നടത്തിയ ഷോപ്പുകളും, മുട്ടകളുടെ ട്രേയും കണ്ടെടുത്തു. ഇതിലെ പ്രതിയായ പീറ്റര്‍ സൈമണ്‍ മുന്‍പും മോഷണ കേസില്‍ പ്രതിയാണ്.

പ്രതികള്‍ സമാനമായ മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച്‌ വരികയാണെന്ന് പൊലീസ് അറിയിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റിലാക്കി.

നടക്കാവ് സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.ബി. കൈലാസ് നാഥ്, കിരണ്‍ ശശിധര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം.വി.ശ്രീകാന്ത് , കെ.എ. രാമകൃഷ്ണന്‍, എം.കെ.സജീവന്‍, സി. ഹരീഷ് കുമാര്‍, പി.എം. ലെനീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments