banner

സംസ്ഥാനത്തിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം; പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം : ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം.
വികസന പ്രവര്‍ത്തനങ്ങളില്‍ മികച്ച ജനപങ്കാളിത്തമാണുള്ളതെന്നും സാമ്പത്തികമേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടം പ്രശംസനീയമെന്നും
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിലെ കേന്ദ്രവിമര്‍ശനവും ഗവര്‍ണര്‍ വായിച്ചു.
ഡിജിറ്റല്‍ കേരളമാണ് രൂപപ്പെടുന്നത്. സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തൊഴില്‍ ഉറപ്പാക്കുന്നതില്‍ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണെന്നും ഗവര്‍ണര്‍ പറഞ്ഞു.
എല്ലാവര്‍ക്കും വീടെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. മാര്‍ച്ച്‌ 30 വരെ ആകെ 33 ദിവസമാണ് നിയമസഭാ സമ്മേളനം ചേരുക.

ഫെബ്രുവരി മൂന്നിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച്‌ 22 വരെ ധനാഭ്യര്‍ത്ഥന ചര്‍ച്ച ചെയ്ത് പാസാക്കാനായാണ് മാറ്റിവച്ചിരിക്കുന്നത്.
ഗവര്‍ണറോടുള്ള എതിര്‍പ്പുകാരണം നയപ്രഖ്യാപനം ഒഴിവാക്കുന്നത് സര്‍ക്കാര്‍ ചിന്തിച്ചിരുന്നെങ്കിലും അനുനയ അന്തരീക്ഷം തെളിഞ്ഞതോടെയാണ് നയപ്രഖ്യാപന പ്രസംഗം നടത്താൻ തീരുമാനിച്ചത്.

Post a Comment

0 Comments