banner

മെൽബൺ സീറോ മലബാർ രൂപത പുതിയ ഇടയനായി ഫാ. ജോൺ പനന്തോട്ടത്തിൽ സ്ഥാനമേറ്റു

ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍ ആസ്ഥാനമാക്കിയുള്ള സെന്റ് തോമസ് സീറോമലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാദര്‍ ജോണ്‍ പനന്തോട്ടത്തില്‍ സി.എം.ഐ.യെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോമലബാര്‍സഭയുടെ മെത്രാന്‍സിനഡ് അംഗങ്ങളുടെ സാനിധ്യത്തില്‍ നടത്തിയ പൊതുസമ്മേളനത്തിലാണ് മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിപിതാവും മെല്‍ബണ്‍ രൂപതയുടെ സ്ഥാനമൊഴിയുന്ന മെത്രാന്‍ മാര്‍ ബോസ്‌കോ പൂത്തൂരും ചേര്‍ന്നു നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.

തലശ്ശേരി അതിരൂപതയിലെ പെരുമ്പുന്ന ഇടവകയില്‍ പനന്തോട്ടത്തില്‍ പരേതരായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1966 മെയ് 31ന് ഫാദര്‍ ജോണ്‍ ജനിച്ചു. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം സി.എം.ഐ. സന്യാസസമൂഹ ത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രോവിന്‍സില്‍ വൈദികപരിശീലനത്തിനായി ചേര്‍ന്നു. 1986ല്‍ പ്രഥമവ്രതവാഗ്ദാനവും 1994ല്‍ നിത്യവ്രതവാഗ്ദാനവും നടത്തി. കോഴിക്കോട് ദേവഗിരി കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്ദബിരുദരവും മാന്നാനം സെന്റ് ജോസഫ് കോളേജില്‍നിന്ന് ബി.എഡ്. ബിരുദവും കരസ്ഥമാക്കി. ഇഗ്‌നോ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം. എഡും നേടിയിട്ടുണ്ട്.

ബാംഗ്ലൂര്‍ ധര്‍മ്മാരം കോളേജില്‍നിന്നു തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയതിനുശേഷം 1996 ഡിസംബര്‍ 26ന് താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അതിനുശേഷം താമരശ്ശേരി രൂപതയിലെ കൂടരഞ്ഞി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായും ഗൂഡല്ലൂര്‍ മോണിംഗ്സ്റ്റാര്‍ സ്‌കൂളിലും കോഴിക്കോട് ദേവഗിരി ഹയര്‍സെക്കണ്ടറി വിഭാഗത്തിലും ഇംഗ്ലീഷ് അധ്യാപകനായും സേവനം ചെയ്തു.

2008-2014 കാലഘട്ടത്തില്‍ സി.എം.ഐ. കോഴിക്കോട് സെന്റ് തോമസ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി രണ്ടുതവണ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതല്‍ 2020 വരെ ഓസ്‌ട്രേലിയായിലെ ബ്രിസ്‌ബെന്‍ അതിരൂപതയില്‍ അജപാലന ശുശ്രൂഷ നിര്‍വഹിച്ചു. ഈ കാലഘട്ടത്തില്‍ ഓസ്‌ട്രേലിയായിലെ സീറോമലബാര്‍ സഭാംഗങ്ങള്‍ക്കു ആത്മീയശുശ്രൂഷകള്‍ നടത്തികൊടുക്കുന്നതിലും അദ്ദേഹം വ്യാപൃ തനായിരുന്നു. 2021 മുതല്‍ മാനന്തവാടി രൂപതയിലെ നിരവില്‍പുഴ സെന്റ് ഏലിയാസ് ആശ്രമത്തില്‍ സുപ്പീരിയറായും ഇടവകദേവാലയത്തില്‍ വികാരിയായും ശുശ്രൂഷ ചെയ്തുവരവേയാണ് പുതിയനിയോഗം അദ്ദേഹത്തെ തേടിയെത്തുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജര്‍മന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ള വ്യക്തിയാണ് നിയുക്ത മെത്രാന്‍.

സീറോമലബാര്‍സഭാംഗങ്ങളുടെ അജപാലനശുശ്രൂഷയ്ക്കായി 2013ലാണ് മെല്‍ബണ്‍ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. 2021ല്‍ മെല്‍ബണ്‍ രൂപതയുടെ അതിര്‍ത്തി ന്യൂസിലണ്ടിലേക്കും മറ്റു ഓഷ്യാനിയന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. രൂപതയുടെ ആദ്യമെത്രാനായ മാര്‍ ബോസ്‌കോ പൂത്തൂരിനു 75 വയസ്സ് പൂര്‍ത്തി യായതിനെത്തുടര്‍ന്നു സമര്‍പ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ് പുതിയ മെത്രാനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരിക്കുന്നത്. നിയുക്തമെത്രാന്റെ അഭിഷേകവും സ്ഥാനരോഹണവും സംബന്ധിച്ച വിശദവിവരങ്ങള്‍ പിന്നീടു തീരുമാനിക്കുന്നതാണ്.

Post a Comment

0 Comments