banner

പഴയ റോഡ് പൊടിച്ച് പുതിയ റോഡ്; ജര്‍മ്മന്‍ തന്ത്രം കൊല്ലത്ത്, നിര്‍മാണസാമഗ്രികള്‍ എത്തി

കൊല്ലം : ഉത്തരേന്ത്യന്‍ കമ്പനിയുടെ നിര്‍മാണസാമഗ്രികള്‍ റെയില്‍മാര്‍ഗം കൊല്ലത്തെത്തി. പുതിയ സാങ്കേതികവിദ്യയില്‍ പത്തനാപുരത്തും പാറശാലയിലും ഗ്രാമീണ റോഡുനിര്‍മാണത്തിനായി കരാറെടുത്ത നിര്‍മാണസാമഗ്രികളാണ് കൊല്ലത്തെത്തിയത്. പഴയ റോഡ് പൊടിച്ച് പുതിയ റോഡ് നിർമിക്കാനുളള ജര്‍മ്മന്‍ സാങ്കേതിക വിദ്യയുമായെത്തിയത് എല്‍എസ്ആര്‍ കമ്പനിയാണ്. അത് ഇറക്കാനുളള താത്കാലിക സൗകര്യം കൊല്ലം റെയില്‍വേ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. വികസനത്തിൽ ഒരു ചുവടു കൂടി മുന്നിട്ടിരിക്കുകയാണ് കൊല്ലം റെയില്‍വേ സ്റ്റേഷന്‍.

ചണ്ഡീഗഢില്‍നിന്ന് ഒരാഴ്ച മുമ്പാണ് തീവണ്ടി പുറപ്പെട്ടത്. ജെസിബി, ജനറേറ്റര്‍, ബൊലെറോ, ടിപ്പറുകള്‍ എന്നിവ ഉള്‍പ്പെടെ 60 ഓളം വാഹനങ്ങളാണ് വെള്ളിയാഴ്ച കൊല്ലത്തെത്തിയത്. 32 ഫ്‌ളാറ്റ് വാഗണിലായിട്ടാണ് ഇവ എത്തിയത്. റോഡുനിര്‍മാണത്തിനായി ഇവിടെയെത്തിയ സാമഗ്രികള്‍ക്കായി ചെലവായത് 45,42,871 രൂപയാണ്. ഇവിടെയെത്തിക്കാനുളള ദൂരം 3211 കിലോമീറ്ററായിരുന്നു. എന്നാൽ റോഡുമാര്‍ഗം കൊണ്ടുവരാനാണെങ്കിൽ ഇതിനെക്കാൾ സമയമാവും. കൂടാതെ ചെലവാവുന്നത് ഒന്നരക്കോടി രൂപയായിരിക്കും.

റോഡുമാര്‍ഗം കൊണ്ടുവരാൻ നിരവധി തടസങ്ങളാണ് മുന്നിലുണ്ടാവുക. ഗതാഗത തടസ്സം, ചെക്പോസ്റ്റുകളിലെ കാലതാമസം തുടങ്ങിയവയാണ് പ്രധാന തടസങ്ങൾ. റെയിൽവേ മാർ​ഗം എത്തിച്ചതിലൂടെ ലാഭമാണുണ്ടായതെന്നും കരാര്‍ ഏറ്റെടുത്ത എല്‍എസ്ആര്‍ ഇന്‍ഫ്രാകോണ്‍ ഡയറക്ടര്‍ ലവ്ലീന്‍ ദാലിവാള്‍ പറഞ്ഞു. ഏറ്റവും ഹരിതസൗഹൃദമായ നിര്‍മാണരീതി, ചെലവുകുറവ് എന്നിവയാണ് ഗുണങ്ങള്‍. മറ്റ് റോഡുകളെക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നതും എഫ്ഡിആര്‍ സാങ്കേതിക വിദ്യയുടെ മേൻമയാണ്. റാമ്പ് ഇല്ലാത്തതിനാല്‍ ഇവ ഇറക്കാന്‍ പ്രയാസമുണ്ടാവുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. തുടർന്ന് സ്ഥലം സന്ദർശിക്കുകയും റെയില്‍വേ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തുമാണ് താത്കാലിക റാമ്പ് ഉണ്ടാക്കിയത്. മണല്‍ച്ചാക്കുകള്‍ അടുക്കി മണ്ണിട്ടുറപ്പിച്ച് ഉരുക്കുഷീറ്റുകളും മറ്റും ഉപയോ​ഗിച്ചാണ് റാമ്പ് തയ്യാറാക്കിയത്.

റാമ്പ് സംവിധാനം സ്ഥിരം നിർമിക്കുകയാണെങ്കിൽ കൊല്ലത്തിന് ധാരാളം സാധ്യതകളുണ്ടാവും. കാറുകളും ബൈക്കുകളുമടങ്ങിയ വാഗണുകള്‍ ഉത്തരേന്ത്യയില്‍നിന്നും കൊണ്ടുവരാൻ സാധിക്കും. തമിഴ്നാട്ടിൽ നിന്നുമുളള മെറ്റല്‍, പാറ എന്നിവയടങ്ങിയ ബോസ്റ്റ് വാഗണുകൾ റോഡുപണിക്കും പാലംപണിക്കുമായി ഇവിടെയെത്തിക്കാം. 

Post a Comment

0 Comments