banner

കടലിൽ ചാടിയെന്ന് കരുതി കാണാതായ പോലീസുകാരന് വേണ്ടി ഹെലികോപ്റ്റർ തെരച്ചിൽ; ഒടുവിൽ ഗിരീഷിനെ കണ്ടെത്തിയത് കരയിൽ നിന്നു തന്നെ; പോലീസിന് വൻ സാമ്പത്തിക നഷ്ടം

തിരുവനന്തപുരം : പോലീസുകാരന്‍ ആത്മഹത്യ ചെയ്യാനായി കടലില്‍ ചാടിയെന്ന് കരുതി സേന നടത്തിയ തെരച്ചിലിനിടെ ഉദ്യോഗസ്ഥന്‍ പാലക്കാട് ‘പൊങ്ങി’. കാണാതായ പോലീസുകാരന്‍ ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയെന്ന് കരുതിയാണ് പോലീസ് തെരച്ചില്‍ ആരംഭിച്ചത്. എന്നാല്‍ ഈ ഉദ്യോഗസ്ഥനെ പാലക്കാട് കണ്ടെത്തുകയായിരുന്നു.

നെല്ലിമൂട് സ്വദേശി ഗിരീഷിനെയാണ് പാലക്കാട് സൗത്ത് പോലീസ് കണ്ടെത്തിയത്. ഇയാള്‍ നടത്തിയത് വ്യാജ ആത്മഹത്യാ ശ്രമമാണെന്ന് അറിയാതെ ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് കടലില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇത് പോലീസിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ചയായിരുന്നു ഈ നാടകീയ സംഭവങ്ങള്‍. വിജിലന്‍സ് പൂജപ്പുര യൂണിറ്റിലെ ഡ്രൈവര്‍ ആയ ഗിരീഷിന് കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം വീടുവിട്ടിരുന്നു. ഉച്ചയോടെ വീട്ടുകാര്‍ ഗിരീഷിന്റെ ഒരു കത്ത് കണ്ടെടുത്തു. താന്‍ പോകുന്നു എന്നായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്.

പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് ഈ സന്ദേശം എത്തുകയും ചെയ്തു. തെരച്ചിലിനിടെ ആഴിമല ക്ഷേത്രത്തിനു സമീപം കടല്‍ത്തീരത്ത് ഗിരീഷിന്റെ ബൈക്ക് കണ്ടെത്തി. തീരത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചതോടെ ഗിരീഷ് കടലില്‍ ചാടിയെന്ന് എല്ലാവരും കരുതുകയായിരുന്നു. ഗിരീഷ് ആത്മഹത്യയ്ക്കു ശ്രമിച്ചു എന്ന നിഗമനത്തില്‍ പോലീസ് എത്തുകയും വലിയ ഫോഴ്‌സിനെ ഉപയോഗിച്ച് തെരച്ചില്‍ നടത്തുകയുമായിരുന്നു.

Post a Comment

0 Comments