സിമി (സ്‌റ്റുഡന്റ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) രാജ്യത്തിന്റെ ദേശീയതയ്‌ക്ക് എതിരാണ്. അന്താരാഷ്‌ട്ര ഇസ്‌ലാമിക ക്രമം കൊണ്ടുവരാനാണ് അവർ ശ്രമിച്ചത്. അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ തന്നെ ഒരു കാരണവശാലും സിമിക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകാൻ പാടില്ലെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.
തുടർച്ചയായി എട്ടാം തവണയും സിമി നിരോധിച്ചത് ശരിവെച്ചുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്‌തമാക്കിയത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്‌തത്.
2001ൽ ആണ് സിമിയെ കേന്ദ്ര സർക്കാർ ആദ്യം നിരോധിച്ചത്. നിരോധനത്തിന് ശേഷവും വിവിധ പേരുകളിൽ സംഘടന പ്രവർത്തിക്കുന്നുണ്ട്. മൂന്ന് ഡസനിലധികം പോഷക സംഘടനകൾ സിമിക്ക് ഉണ്ട്. ഈ സംഘടനകളിലൂടെ ധനസമാഹരണം നടത്തുന്നുണ്ട്. ഇതിന് പുറമെ പഴയ പ്രവർത്തകരെ ഒന്നിപ്പിക്കുന്നതിനും, ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും ഈ സംഘടനകളെ ഉപയോഗിക്കുന്നുണ്ട്.
രാജ്യ സുരക്ഷയെ ബാധിക്കുന്ന നിരോധന പ്രവർത്തനങ്ങളിൽ സംഘടനയുടെ പ്രവർത്തകർ ഇപ്പോഴും ഏർപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ആണ് നിരോധനം തുടരുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.
2019ൽ ആണ് ഏറ്റവും അവസാനമായി സിമിയുടെ നിരോധനം കേന്ദ്രം നീട്ടിയത്. അഞ്ചു വർഷത്തേക്ക് ആയിരുന്നു നിരോധനം നീട്ടിയത്. യുഎപിഎ നിയമപ്രകാരമുള്ള ഈ നിരോധനം ചോദ്യം ചെയ്‌തുള്ള കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്‌തത്.
0 Comments