banner

'കുഴലൂത്തുകാരന്റെ കേവലമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ്'; സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ മൊട്ടയുടെ പടമിട്ട് വിമർശിച്ച് ചവറയുടെ ഷിബു ബേബി ജോൺ

സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ വൈകിയൊരു വിമർശനവുമായി ആർ.എസ്.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഷിബു ബേബി ജോൺ. 'ഒരേ സമയം അധ്യാപകനെന്നും മാധ്യമപ്രവര്‍ത്തകനെന്നും ഇടത് സഹയാത്രികനെന്നുമൊക്കെ മേലങ്കിയണിയുന്ന ഒരു കുഴലൂത്തുകാരന്റെ കേവലമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് എങ്ങനെയാണ് കേരളസമൂഹത്തില്‍ വര്‍ഗീയതയുടെയും ജാതിയതയുടെയും അപരവിദ്വേഷത്തിന്റെയും വിഷവിത്ത് പാകുന്നതെന്ന് ആശങ്കയോടെ കേരളസമൂഹം ഇന്ന് കാണുകയാണ് ' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് മുൻ സംസ്ഥാന മന്ത്രി കൂടിയായിരുന്ന ഷിബുവിൻ്റെ വിമർശനം. കുറിപ്പിനൊപ്പം 'മൊട്ട'യുടെ ചിത്രവും അദ്ദേഹം ഉൾച്ചേർത്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം

ഒരേ സമയം അധ്യാപകനെന്നും മാധ്യമപ്രവര്‍ത്തകനെന്നും ഇടത് സഹയാത്രികനെന്നുമൊക്കെ മേലങ്കിയണിയുന്ന ഒരു കുഴലൂത്തുകാരന്റെ കേവലമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് എങ്ങനെയാണ് കേരളസമൂഹത്തില്‍ വര്‍ഗീയതയുടെയും ജാതിയതയുടെയും അപരവിദ്വേഷത്തിന്റെയും വിഷവിത്ത് പാകുന്നതെന്ന് ആശങ്കയോടെ കേരളസമൂഹം ഇന്ന് കാണുകയാണ്. 

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് വെജിറ്റേറിയന്‍ ഭക്ഷണം മതിയെന്ന് തീരുമാനമെടുത്തതും പാചകത്തിന് ക്വട്ടേഷന്‍ കൊടുത്തതും ഗവണ്‍മെന്റ്/ മുന്‍പുണ്ടായിരുന്ന ഗവണ്‍മെന്റുകള്‍. എന്നാല്‍ കുറ്റം മുഴുവന്‍ ഗവണ്‍മെന്റ് പറഞ്ഞപ്രകാരം ഭക്ഷണം വിളമ്പിയ പാചകക്കാരന്റേതാകുന്ന മാജിക് എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഗവണ്‍മെന്റിനെയോ ഭരിക്കുന്ന മന്ത്രിയേയോ ഒരു തൂവലുകൊണ്ടുപോലും വിമര്‍ശിക്കാതെ, പാചകം ചെയ്യുന്ന കരാറുകാരന്റെ നെഞ്ചത്തുകയറുന്നതിലെ നീതി എന്താണ്? ഇതുപോലുള്ള സഹയാത്രികന്മാരെയും കൊണ്ട് ഇടതുമുന്നണി എവിടംവരെ പോകും എന്ന് കണ്ടറിയണം. ഇവരെപോലെ അധികാരശീതളിത കണ്ട് ചായുന്ന അവസരവാദികളെ ഒപ്പം കൂട്ടിയാണ് ഇടതുപക്ഷത്തിന് ഇത്രത്തോളം അപചയമുണ്ടായതെന്ന് ഇനിയെന്ന് തിരിച്ചറിയും. അല്ലെങ്കില്‍ തന്നെ, ചിക്കന്‍ കഴിക്കണമെന്ന സ്വന്തം വീട്ടിലെ ആവശ്യത്തോടുപോലും മുഖംതിരിഞ്ഞുനില്‍ക്കുന്നവര്‍ കലോല്‍സവ ഭക്ഷണത്തിലെ ജനാധിപത്യവല്‍ക്കരണത്തെ പറ്റിയൊക്കെ ഘോരഘോരം സംസാരിക്കുമ്പോള്‍, അതിലെ കാപട്യം വ്യക്തമാണല്ലോ.

നമ്മള്‍ നിറഞ്ഞ അഭിമാനത്തോടെയും, ചെറിയൊരു അഹങ്കാരത്തോടെയും നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ഒരു വസ്തുതയായിരുന്നു കേരളീയസമൂഹത്തിന്റെ ഇടതുപക്ഷ മനസ് എന്നത്. വര്‍ഗീയതയെ പുണരാന്‍ എക്കാലവും മടിച്ചുനിന്നിരുന്ന, വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുപോലും ഇടതോരം ചേര്‍ന്ന് നടക്കേണ്ടി വന്നിരുന്ന, പുരോഗമന ചിന്താധാരയ്ക്ക് എല്ലായ്‌പ്പോഴും വളക്കൂറുണ്ടായിരുന്ന മണ്ണാണ് കേരളത്തിലേത്. എന്നാല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി നിരവധി മഹാരഥന്മാരുടെ പ്രവര്‍ത്തനഫലമായി കെട്ടിപ്പടുത്ത ആ മതേതരമനസിനെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴത്തെ സര്‍ക്കാരും അവരുടെ സഹയാത്രികരും ചേര്‍ന്ന് നടപ്പിലാക്കുന്നത്. കേരളത്തിന്റെ സവിശേഷസ്വഭാവങ്ങള്‍ മുതലെടുത്ത്, ആ അവസരങ്ങളുപയോഗിച്ച്, ആ മണ്ണില്‍ നിന്നും വെള്ളവും വളവും ഊറ്റി വളര്‍ന്നവര്‍ തന്നെ ഇന്ന് ഈ മണ്ണില്‍ ജാതിയതയുടെയും വര്‍ഗീയതയുടെയും നഞ്ച് കലക്കുമ്പോള്‍ നിശബ്ദരായിരിക്കാന്‍ മതേതരമനസ് ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ക്ക് കഴിയില്ലല്ലോ.

Post a Comment

0 Comments