തിരുവനന്തപുരം : രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും സിപിഎമ്മും നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു മതസംഘടനയുടെ വേദിയിൽ ഇതരവിഭാഗങ്ങൾക്കെതിരെ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മുസ്ലിം വിഭാഗത്തിൽ ഭയവും വിദ്വേഷവും സൃഷ്ടിച്ച് സംസ്ഥാനത്തെ സ്വൈര്യജീവിതം തകർക്കുകയാണ് ഇത്തരം പ്രസ്താവനകളുടെ ലക്ഷ്യം. ഭൂരിപക്ഷവിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളും തമ്മിൽ സംവാദം കൊണ്ട് കാര്യമില്ലെന്നും സംഘർഷമാണ് വേണ്ടതെന്നുമുള്ള ബ്രിട്ടാസിന്റെ വാക്കുകൾ തീവ്രവാദം ശക്തമാക്കാനേ ഉപകരിക്കുകയുള്ളൂ.
അതേ വേദിയിൽ സംഘപരിവാറിനെ നേരിടാൻ മുസ്ലിങ്ങളെല്ലാം സിപിഎമ്മിന്റെ കീഴിൽ അണിനിരക്കണമെന്നാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. മതങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായിക്കളായി സിപിഎം മാറി കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷ വിഭാഗങ്ങൾ സിപിഎമ്മിന്റെ കൂടെ നിന്നാൽ മതി. സംവാദങ്ങളും ചർച്ചകളും ഞങ്ങൾ നടത്തിക്കൊള്ളാമെന്നാണ് ബ്രിട്ടാസ് പറയുന്നത്. മുസ്ലിം സംഘടനകളുടെ വേദിയിൽ ആരൊക്കെ സംസാരിക്കണമെന്നും എന്ത് സംസാരിക്കണമെന്നും സിപിഎം തീരുമാനിക്കുമെന്നാണ് അവർ പറയുന്നത്.
രാജ്യത്ത് മുസ്ലിങ്ങൾ അപകടത്തിലാണെന്നും ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ഐക്യം സാധ്യമല്ലെന്നുമാണ് ഇവരുടെ ഭാഷ്യം. മുസ്ലിങ്ങൾക്ക് ജീവിക്കാൻ സാധ്യമല്ലാത്ത സാഹചര്യമുള്ളത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണെന്നത് ബ്രിട്ടാസ് മറക്കരുതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
0 Comments