രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ അമേരിക്കന്‍ ധന ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട 106 പേജുള്ള റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനുമേലുള്ള മിന്നലാക്രമണമായി മാറി. വിപണിയില്‍നിന്ന് 20,000 കോടി രൂപ അധിക സമാഹരണം ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ് വെള്ളിയാഴ്ചമുതല്‍ പ്രഖ്യാപിച്ച പ്രത്യേക ഓഹരിവിറ്റഴിക്കലിനെയും (എഫ്പിഒ) ഇത് ബാധിച്ചു. അദാനി ഗ്രൂപ്പിന്റെ വിപണിയിലുള്ള ഏഴു കമ്പനിയുടെയും ആകെ മൂല്യത്തില്‍ 4.17 ലക്ഷം കോടി രൂപയുടെ കുറവാണ് രണ്ടുദിവസത്തിനിടെ നേരിട്ടത്. എല്ലാ ഓഹരികളിലും കനത്ത ഇടിവുണ്ടായി.
അമേരിക്കന്‍ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി ഹിൻഡൻബർഗ് പ്രതികരിച്ചത് നഷ്ടത്തിന്റെ ആഘാതം കൂട്ടി.
അദാനി ടോട്ടല്‍ ഗ്യാസിന്റെയും ഗ്രീന്‍ എനര്‍ജിയുടെയും ഓഹരിവില 20 ശതമാനം ഇടിഞ്ഞു. 732 രൂപയാണ് ടോട്ടല്‍ ഗ്യാസിന്റെ ഒരു ഓഹരിയിൽ നഷ്ടമായത്. ഗ്രീന്‍ എനര്‍ജി വില 371.55 രൂപ കുറഞ്ഞു. അദാനി ട്രാന്‍സ്മിഷന് 19.99 ശതമാനവും (502.05 രൂപ) അദാനി എന്റര്‍ പ്രൈസസിന് 18.52 ശതമാനവും (627.50 രൂപ) നഷ്ടമുണ്ടായി. അദാനി പോര്‍ട്ട്‌സ് 16.29 ശതമാനവും പവര്‍ 13.05 ശതമാനവും അദാനിയുടെ ഉടമസ്ഥതയിലുള്ള സിമന്റ് കമ്പനിയായ എസിസി 13.20 ശതമാനവും അംബുജ സിമന്റ് 17.33 ശതമാനവും നഷ്ടത്തിലായി
0 Comments