banner

ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് രാജിവെക്കുമെന്ന് റിപ്പോർട്ട്; പാർട്ടി മുന്നണി മാറ്റത്തിന് ഒരുങ്ങുന്നതായി സൂചന

കൊല്ലം : ആർ.എസ്.പിയിൽ നേതൃമാറ്റം ഉടനെന്ന് സൂചന. അടുത്ത മാസം നിലവിലെ സംസ്ഥാന സെക്രട്ടറി എ എ അസീസ് രാജിവെക്കുമെന്നാണ് റിപ്പോർട്ട്. മുൻ മന്ത്രി ഷിബു ബേബിജോണാകും പുതിയ സംസ്ഥാന സെക്രട്ടറി. ആർഎസ്പിയെ യുഡിഎഫിലെത്തിക്കാൻ മുൻകൈ എടുത്ത നേതാവായിരുന്നു ഷിബു ബേബിജോൺ.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും അതിനു മുന്നോടിയായുള്ള മണ്ഡലം, ജില്ലാ സമ്മേളനങ്ങളിലും നേതൃമാറ്റത്തിന് ആവശ്യമുയർന്നിരുന്നു. ഷിബു ബേബിജോണിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. ഒരുതവണകൂടി സെക്രട്ടറിയായി തുടരാൻ മുതിർന്ന നേതാവ് എ.എ.അസീസ് താത്പര്യം പ്രകടിപ്പിച്ചതോടെ അദ്ദേഹത്തെത്തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിനില്ലെന്ന് ഷിബു ബേബിജോൺ വ്യക്തമാക്കുകയും ചെയ്തു. ദേശീയസമ്മേളനം കഴിഞ്ഞതിനുശേഷം ഇക്കാര്യത്തിൽ പുനർവിചിന്തനമാകാമെന്ന് പാർട്ടിയിൽ ധാരണയുണ്ടായിരുന്നു. മറ്റ് ഇടതുപക്ഷ പാർട്ടികളെപ്പോലെ ആർ.എസ്.പി.യിലും ഭാരവാഹിത്വത്തിന് പ്രായപരിധി നിശ്ചയിക്കണമെന്നും ആവശ്യമുയർന്നു. ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ശക്തമായി പാർട്ടിയുടെ നിലപാടുകൾ പ്രഖ്യാപിക്കാൻ കഴിയുന്നില്ലെന്ന ഉൾപ്പാർട്ടി വിമർശനവുമുണ്ട്. പാർട്ടിക്ക് കൂടുതൽ ചടുലമായ നേതൃത്വം നൽകാൻ ഷിബുവിനു കഴിയുമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറഞ്ഞത്.

ദേശീയ സമ്മേളനത്തിൽ പാർട്ടിയുടെ ബൈലോ ഭേദഗതിക്കും പ്രായപരിധി ഏർപ്പെടുത്തുന്നതിനെപ്പറ്റി പഠിക്കാനുമായി രണ്ടംഗസമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ല. ദേശീയ സമ്മേളനത്തെ തുടർന്ന്‌ നടന്ന സംസ്ഥാന സമിതിയിൽ സ്ഥാനമൊഴിയുന്നതിനു സന്നദ്ധനാണെന്ന് എ.എ.അസീസ് അറിയിച്ചിരുന്നു.

പാർട്ടി യുഡിഎഫിൽ തുടരുന്നതിൽ ആർ എസ് പിയിലെ ഭൂരിപക്ഷം നേതാക്കളും അസംതൃപ്തരാണ്. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിലടക്കം കോണ്‍ഗ്രസ് ആര്‍എസ്പിയെ അവഗണിക്കുകയാണെന്ന് സംസ്ഥാന സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. കോണ്‍ഗ്രസ് വിമതര്‍ സീറ്റുകളില്‍ മത്സരിക്കുന്നു. സഹകരണ ബാങ്കുകളില്‍ പ്രാതിനിധ്യം നല്‍കുന്നില്ല. എല്‍ഡിഎഫില്‍ ആയിരുന്നപ്പോള്‍ പ്രാതിനിധ്യം ലഭിച്ചിരുന്നുവെന്നും സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചിരുന്നു. എന്നാൽ, കൃത്യമായ സമയത്ത് മുന്നണിമാറ്റം ഉണ്ടാകുമെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.

ആർ.എസ്.പി. ഭിന്നിച്ച് ആർ.എസ്.പി. (ബി) നിലവിലുണ്ടായിരുന്നപ്പോൾ അതിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഷിബു ബേബിജോൺ. യു.ഡി.എഫിൽ പ്രവർത്തിച്ചിരുന്ന ഈ ഘടകത്തെ പ്രതിനിധാനംചെയ്ത്‌ മന്ത്രിയുമായി. പിന്നീട് ഇടതുമുന്നണി വിട്ട ആർ.എസ്.പി.യെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിന് മുഖ്യപങ്കുവഹിച്ചത് അന്ന് മന്ത്രിയായിരുന്ന ഷിബു ബേബിജോൺ ആയിരുന്നു. തുടർന്ന് ആർ.എസ്.പി.യുടെ ഇരുവിഭാഗങ്ങളും ലയിക്കുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തെത്തുടർന്ന് സജീവ പാർട്ടിപ്രവർത്തനത്തിൽനിന്ന് അവധിയെടുക്കാൻ ഷിബു ബേബിജോൺ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പാർട്ടി നേതാക്കളുടെയും അണികളുടെയും ശക്തമായ സമ്മർദം കണക്കിലെടുത്താണ് അദ്ദേഹം തീരുമാനം മാറ്റിയത്. എങ്കിലും പാർട്ടിയെ നയിക്കാനുള്ള അവസരം അദ്ദേഹത്തിനു നൽകിയില്ലെന്ന പൊതുവികാരം പാർട്ടിയിൽ ഉയർന്നിരുന്നു.

തുടർച്ചയായി രണ്ടു നിയമസഭകളിലും പാർട്ടിക്ക് ഒരു സീറ്റ് പോലുമില്ലാത്തത് യുഡിഎഫ് മുന്നണിയുടെ ഭാഗമായതുകൊണ്ടാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശിക്കുന്നര്‍ ഏറെയാണ്. എന്നാല്‍ എന്‍.കെ.പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ യുഡിഎഫില്‍ ഉറച്ചു നില്‍ക്കണമെന്ന പക്ഷക്കാരാണ്. ഉരുക്കുകോട്ടയായ ചവറയില്‍ പോലും ജയിക്കാന്‍ കഴിയാത്തത് ആര്‍എസ്പിക്ക് രാഷ്ട്രീയമായി വലിയ ക്ഷീണമാണ്. ജനകീയ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കുന്നതില്‍ യുഡിഎഫ് പരാജയമാണെന്നും വിലയിരുത്തലുണ്ട്.

Post a Comment

0 Comments