banner

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ഭക്തി സാന്ദ്രമായി ശബരിമല

സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി മകരജ്യോതി ദര്‍ശനം. ശരണമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വൈകിട്ട് 6.45 ഓടെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിച്ചു. ഭക്തലക്ഷങ്ങളാണ് പുണ്യദർശനത്തിനായി ശബരിമല ക്ഷേത്രത്തിലും പരിസരത്തുമായി തടിച്ച്‌ കൂടിയത്. 6.30ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമായിരുന്നു ഭക്തർ കാത്തിരുന്ന മകരവിളക്ക് ദർശനം.

മൂന്ന് ദിവസം മുൻപ് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തിരുവാഭരണം വൈകിട്ട് 6.28നാണ് സന്നിധാനത്ത് എത്തിയത്. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്നാണ് തിരുവാഭരണം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങിയത്.

സന്നിധാനത്തും വിവിധ വ്യൂപോയിന്റുകളിലും ഭക്തര്‍ മകരജ്യോതി ദര്‍ശനത്തിനായി നേരത്തെ സ്ഥലം പിടിച്ചിരുന്നു. കനത്തസുരക്ഷയാണ് എല്ലാ വ്യൂപോയിന്റുകളിലും ഒരുക്കിയത്. സന്നിധാനത്തിന് പുറമെ പമ്പ ഹിൽടോപ്പ്, പഞ്ഞിപ്പാറ, നെല്ലിമല, അയ്യൻമല, ഇലവുങ്കൽ, അട്ടത്തോട്, പടിർഞ്ഞാറെ കോളനി എന്നീ ആറിടങ്ങളാണ് ദർശനത്തിനായുള്ള അംഗീകൃത വ്യൂ പോയിന്റുകള്‍.

Post a Comment

0 Comments