banner

കൊല്ലത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരവുമായി ലോറികൾ; മൂന്നുപേര്‍ പോലീസ് പിടിയിലായി

കൊല്ലം : കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും മറ്റും വില്‍പ്പനക്കായി കടത്തികൊണ്ട് വന്ന നിരോധിത പുകയില ഉല്‍പ്പനങ്ങള്‍ പിടികൂടിയതില്‍ മുഖ്യസൂത്രധാരന്മാരായ മൂന്നുപേര്‍ പോലീസ് പിടിയിലായി. ആലപ്പുഴ സി.വി വാര്‍ഡില്‍ ഇജാസ് (27), ആലപ്പുഴ വെള്ളകിണര്‍ സജാദ് മന്‍സിലില്‍ നാനാജി എന്ന് വിളിക്കുന്ന സജാദ്(28), കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ പനങ്ങോട്ട് മുക്കില്‍ കൊല്ലിലേത്ത് പടിറ്റതില്‍ ബഷീര്‍ മകന്‍ ഷമീര്‍(39) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി മോഡല്‍ സ്‌കൂളിന് സമീപം കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ലോറികളിലായി കടത്തിക്കൊണ്ട് വന്ന 1,27,410 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. 

ആലപ്പുഴ കേന്ദ്രീകരിച്ച് പുകയില ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് സമീപ ജീല്ലകളിലടക്കം വിതരണം ചെയ്യുന്ന വന്‍സംഘമാണ് കൊല്ലം സിറ്റി പോലീസിന്റെ പിടിയിലാത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ക്കൊടുവിലാണ് അന്തര്‍ സംസ്ഥാന ബന്ധമുള്ള സംഘം വലയിലായത്. കുട്ടികള്‍ക്കും യൗവ്വനക്കാര്‍ക്കും മറ്റ് ചെറുകിട കച്ചവടക്കാര്‍ക്കും വില്‍പ്പന നടത്തി അമിത ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും കൂടിയ അളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങി ജില്ലയിലേക്ക് എത്തിക്കുന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷാജിമോന്‍, കലാദരന്‍, എസ്.സിപിഒ രഞ്ജിത്ത്, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Post a Comment

0 Comments