banner

കര്‍ഷകരുടെ കീറിയ വസ്ത്രങ്ങളെക്കുറിച്ച് ചോദിക്കൂ; ടീ ഷര്‍ട്ടിൻ്റെ വാർത്തകളോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി


ബാഗ്പത് : ഭാരത് ജോഡോ യാത്രയില്‍ തന്‍റെ ടീ ഷര്‍ട്ട് മാത്രമാണ് മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്കൊപ്പം നടക്കുന്ന കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും കീറിയ വസ്ത്രങ്ങള്‍ കാണുന്നില്ലെന്നും അതിനെക്കുറിച്ച് ചോദിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.


''ഞാന്‍ ഭാരത് ജോഡോ യാത്രയില്‍ ടീ ഷര്‍ട്ടുകളാണ് ധരിക്കുന്നത്. പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും നിരവധി കുട്ടികൾ കീറിയ വസ്ത്രങ്ങൾ ധരിച്ചാണ് യാത്രയിൽ എന്നോടൊപ്പം നടക്കുന്നത്. എന്നാല്‍ ഈ കുട്ടികള്‍ ശൈത്യകാലത്ത് സ്വെറ്ററോ ജാക്കറ്റോ ഇല്ലാതെ നടക്കുന്നത് എന്തുകൊണ്ടാണെന്ന് മാധ്യമങ്ങൾ ചോദിക്കുന്നില്ല'' രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ ബാഗ്പത്-ഷാംലി അതിർത്തിയിലെ ബറാവുത്തിൽ ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൽനട ജാഥ ഉത്തർപ്രദേശിലേക്ക് പ്രവേശിച്ചപ്പോൾ, 110 ദിവസം കൊണ്ട് 3,000 കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിച്ചിട്ടും തനിക്ക് ക്ഷീണമോ ടീ-ഷർട്ടിൽ തണുപ്പോ അനുഭവപ്പെടുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതിശൈത്യം നിറഞ്ഞ ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലൂടെ കടന്നുപോകുമ്പോഴും പോളോ ടീ ഷര്‍ട്ടാണ് രാഹുല്‍ ധരിച്ചിരുന്നത്. സ്വറ്ററോ ജാക്കറ്റോ ധരിക്കാതെ നടക്കുന്ന രാഹുല്‍ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും അത്ഭുതമായിരുന്നു. രാഹുല്‍ സത്യത്തിന്‍റെ കവചം ധരിച്ചിരിക്കുന്നതുകൊണ്ടാണ് ശൈത്യകാലത്തു പോലും അദ്ദേഹത്തിന് തണുപ്പ് അനുഭവപ്പെടാത്തതെന്നായിരുന്നു സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കയുടെ മറുപടി.

Post a Comment

0 Comments