banner

പോപ്പ് ബെൻഡിക്ട് പതിനാറാമന് ജനലക്ഷങ്ങളുടെ അന്ത്യാഞ്ജലി; പദവി രാജിവെച്ചൊഴിഞ്ഞ ആദ്യ മാർപാപ്പയുടെ ആഗ്രഹം പോലെ സംസ്കാര ചടങ്ങുകൾ ലളിതമായി നടക്കും; ഇന്ന് മുതൽ മൂന്ന് ദിവസം പൊതുദർശനം

പോപ്പ് ബെൻഡിക്ട് പതിനാറാമന് അന്ത്യാഞ്ജലിൽ അർപ്പിക്കുവാൻ സെയിന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആൾക്കൂട്ടം എത്തിത്തുടങ്ങി. സഭയുടെ 600 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പദവിയിൽ നിന്നും സ്വമേധയാ രാജിവെച്ച് ഒഴിഞ്ഞ മാർപ്പാപ്പ പുതുവർഷത്തലേന്ന് പ്രാദേശിക സമയം രാവിലെ 9.34 നായിരുന്നു മരണമടഞ്ഞത്. പദവിയിൽ നിന്നും വിരമിച്ചശേഷം അദ്ദേഹം വത്തിക്കാനിലെമേറ്റർ എക്സലേസിയ മൊണാസ്ട്രിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

ഞായറാഴ്‌ച്ച പുതുവത്സര കുർബാന അർപ്പിച്ച ഇപ്പോഴത്തെ മാർപ്പാപ്പ പോപ്പ് ഫ്രാൻസിസ് തന്റെ മുൻഗാമിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു. സെയിന്റ് പീറ്റേഴ്സ് ബസലിക്കയിലായിരുന്നു പ്രത്യേക പുതുവത്സര കുർബാന നടന്നത്. തിങ്കളാഴ്‌ച്ച മുതൽ മൂന്ന് ദിവസത്തേക്ക് ബസിലിക്കയിൽ പോപ്പ് ബനഡിക്ടിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിനായി വയ്ക്കും. ബിഷപ്പിന്റെ കിരീടം ഉൾപ്പടേയുള്ള ആചാര വസ്ത്രവിധാനങ്ങളോടെ ഭൗതിക ശരീരം ഒരുക്കി കഴിഞ്ഞു.

തീരെ അവശനായി, പുതുവത്സര കുർബാനക്ക് വീൽചെയറിൽ എത്തിയ പോപ്പ് ഫ്രാൻസിസ് വ്യാഴാഴ്‌ച്ച ബെനഡിക്ട് മാർപ്പാപ്പയുടെ ശവസംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഇന്ന് അനുശോചനം രേഖപ്പെടുത്താൻ ആയിരങ്ങൾ തടിച്ചു കൂടിയ സെയിന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആയിരിക്കും അന്ത്യകർമ്മങ്ങൾ നടക്കുക. മുൻ മാർപ്പാപ്പയുടെ ആഗ്രഹമനുസരിച്ച് തന്നെ തികച്ചും ലളിതമായ ചടങ്ങുകളായിരിക്കും സംസ്‌കാരവുമായി ബന്ധപ്പെട്ട് ഉണ്ടാവുക എന്ന് വത്തിക്കാൻ സ്ഥിരീകരിച്ചിട്ടുണ്ട്.

നിരവധി ലോക നേതാക്കൾ അന്തരിച്ച മുൻ മാർപ്പാപ്പക്ക് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് രംഗത്തെത്തി തികച്ചും ദുഃഖകരമായ വാർത്ത എന്നായിരുന്നു അനുശോചന സന്ദേശത്തിൽ ബ്രിട്ടീഷ് രാജാവ്, ചാൾസ് മൂന്നാമൻ പറഞ്ഞത്. എല്ലാവർക്കും പ്രചോദനമായ ഒരു വ്യക്തിയയിരുന്നു ബെനെഡിക്ട് എന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും പറഞ്ഞു. സഭാ വിശ്വാസത്തിൽ നിന്നും, ആശയങ്ങളിൽ നിന്നും കടുകിട മാറതെ സഭയ്ക്കായി ജീവിച്ച ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റെതെന്നും ബൈഡൻ പറഞ്ഞു.

2010-ലെ പോപ്പിന്റെ യു കെ സന്ദർശനത്തെ കുറിച്ച് ചാൾസ് മൂന്നാമൻ രാജാവും തന്റെ അനുശോചന സന്ദേശത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്. അതിനു മുൻപായി താൻ 2009-ൽ വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിച്ച കാര്യവും ചാൾസ് പരാമർശിക്കുന്നുണ്ട്.
2005 ഏപ്രിൽ 19 നായിരുന്നു ജോസഫ് റാറ്റ്സിംഗർ കത്തോലിക്ക സഭയുടെ 265-ാം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് അദ്ദേഹത്തിന് 78 വയസ്സായിരുന്നു. 2013 ഫെബ്രുവരി വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. പിന്നീട് പ്രായാധിക്യവും അനാരോഗ്യവും കാരണം അദ്ദേഹം ആ പദവിയിൽ നിന്നും ഒഴിയുകയായിരുന്നു. അങ്ങനെ 600 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പദവി രാജിവെച്ചൊഴിയുന്ന മാർപാപ്പയായി അദ്ദേഹം മാറി.

إرسال تعليق

0 تعليقات