banner

അഞ്ചാലുംമൂട്ടിലെ ഇടുങ്ങിയ റോഡ് സമ്പ്രാണിക്കോടിക്ക് ഭീഷണി; ദേശീയപാതയാണിതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?; കടലാസിലൊതുങ്ങിയ അഞ്ചാലുംമൂട് വികസനം

അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ ഇടുങ്ങിയ റോഡ് മൂലം വഴിയിൽ കളയേണ്ടത് പത്ത് മുതൽ പതിനഞ്ചു മിനിറ്റുവരെ. ദേശീയപാത എൻ.എച്ച്183നാണ് ഈ ദുർഗതി.  ഉദ്യോഗവൃന്ദങ്ങളോട് പലവുരു ഇവിടുത്തെ ജനങ്ങൾ കഷ്ടപ്പാടറയിച്ചിട്ടും വർഷത്തിലെ സർവേയല്ലാതെ നടപടികളാകുന്ന ലക്ഷണം ലവലേശമില്ല. കേരളത്തിലെ തന്നെ പ്രധാന വിനോദ സഞ്ചാരങ്ങളിലൊന്നായി അടയാളപ്പെടുത്താൻ ശേഷിയുള്ള സമ്പ്രാണിക്കോടിയിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഏറ്റവും കൂടുതൽ സമയം നഷ്ടമാകുന്നതും ഈ ദേശീയപാതയിൽ തന്നെ. ക്രിസ്മസിനും ന്യൂയറിനുമായി അഞ്ചാലുംമൂട്ടിൽ ഉണ്ടായ ഗതാഗതക്കുരുക്ക് കൊല്ലത്ത് പോലും ഉണ്ടായിരുന്നില്ല.

അഞ്ചാൽ നിന്നൊരു പ്രതാപകാലം അഞ്ചാലുംമൂടിനുണ്ടായിരുന്നു. എന്നാൽ ഇന്ന് റോഡ് വശത്തൊരു അഞ്ചാൾ നിന്നാൽ സാധാരക്കാരൻ്റെ ഒന്നര മണിക്കൂർ നഷ്ടമാകും. സിറ്റിംഗ് എം.എൽ.എ എം.മുകേഷിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അൻപത് ലക്ഷത്തോളം ചിലവഴിച്ചുള്ള വികസനം ഇപ്പോൾ പുരോഗമിക്കുക്കുകയാണ്. ഇതിൻ്റെ ഭാഗമായി ബസ്‌ ബേ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ജംഗ്ഷനിലുള്ള വില്ലേജ് ഓഫീസിന്റെയും തൊട്ടടുത്തുള്ള അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെയും സ്ഥലത്ത് നീളത്തിലാണ് ബസ്‌ ബേ നിർമാണം പൂർത്തികരിക്കുന്നത്. വളരുന്ന അഞ്ചാലുംമൂടിൻ്റെ വികസന പ്രവർത്തനങ്ങൾക്കുള്ള തുടക്കം മാത്രമായി മാത്രമേ ഇപ്പോഴിതിനെ കാണാനാകൂ.

പത്തിലധികം ബസ് സർവ്വീസുകളാണ് അഞ്ചാലുംമൂട്ടിൽ ദൈം ദിനം ഉൾപ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്നത്. രണ്ട് ബസുകൾ ഒരേ ദിശയിൽ വന്നാൽ സാധാരണക്കാരന് പത്ത് മിനിറ്റ് നിരത്തിൽ നഷ്ടമാകും. രാവിലെയും വൈകിട്ടുമായി സ്കൂൾ വിദ്യാർഥികൾ കൂടി എത്തുന്നതോടെ അഞ്ചാലുംമൂട് ഗതാഗതക്കുരിക്കിനാൽ വീർപ്പുമുട്ടുമെന്ന കാര്യം പറയാനുണ്ടോ. എല്ലാ സർക്കാരുകളും അഞ്ചാലുംമൂടിന് കൃത്യമായ വികസന പദ്ധതികൾ അവതരിപ്പിക്കുമെങ്കിലും വാഗ്ദാനവും വിലയില്ലാത്ത കടലാസുമായി അവ തുടരുമെന്ന് തന്നെയാണ് ഈ നാട്ടുകാർ പറയുന്നത്.

Post a Comment

0 Comments