ന്യൂഡല്‍ഹി : തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാൻ കാണികളില്ലാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. സ്റ്റേഡിയത്തിന്‍റെ പകുതിയും ശൂന്യമാണെന്ന് ആശങ്ക പ്രകടിപ്പിച്ച യുവരാജ് ഏകദിന ക്രിക്കറ്റ് അവസാനിക്കുന്നതിന്‍റെ ലക്ഷണമാണോ ഇതെന്നും ചോദ്യവും ഉയർത്തി. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനു കാണികളുടെ അഭാവം ഏറെ ചർച്ചയാകുന്നതിനിടെയാണ് യുവരാജിന്‍റെ പരാമർശം. 55,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന മത്സരത്തിനായി 6,000 ൽ താഴെ ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. നേരത്തെ തിരുവനന്തപുരത്ത് നടന്ന മത്സരങ്ങൾക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നെങ്കിലും ഇത്തവണ കാണികളുടെ അഭാവം കെസിഎയെ ആശങ്കയിലാക്കിയിട്ടുണ്ട്.
ടിക്കറ്റ് വിൽപ്പന കുറഞ്ഞാൽ വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കായി കാര്യവട്ടം സ്റ്റേഡിയം പരിഗണിക്കുന്നതിൽ പുനർവിചിന്തനം ഉണ്ടായേക്കുമെന്നാണ് സൂചന. കാര്യവട്ടത്ത് നടക്കുന്ന രണ്ടാം ഏകദിനമാണിത്. 2018 ഡിസംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ആദ്യ മത്സരം. കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന മറ്റ് മൂന്ന് മത്സരങ്ങളും ട്വന്‍റി 20 മത്സരങ്ങളായിരുന്നു.
0 Comments