തൃശൂര്‍ : സേഫ് ആന്റ് സ്ട്രോങ് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ ബാങ്ക് അക്കൗണ്ട് കാലിയെന്ന് റിപ്പോര്‍ട്ട്. ഇന്നലെയാണ് കോയമ്പത്തൂരില്‍ നിന്ന് പ്രവീണ്‍ പിടിയിലായത്. പ്രവീണ്‍ പോലീസിനോട് വെളിപ്പെടുത്തയതാണ് ഇക്കാര്യം.
കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ വിവാഹമോതിരം വിറ്റാണ് റാണ ഒളിവില്‍ പോകാനുള്ള പണം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പണത്തിനായി സുഹൃത്തുക്കളെ സമീപിച്ചെങ്കിലും അവരെല്ലാം കൈ മലര്‍ത്തുകയായിരുന്നു.
കോയമ്പത്തൂരിലെത്തിയാണ് പ്രവീണ്‍ വിവാഹമോതിരം 75000 രൂപയ്ക്ക് വിറ്റത്. ലഭിച്ചു. ഈ തുകയുമായി പൊള്ളാച്ചിയില്‍ ഒളിയിടം കണ്ടെത്തുകയായിരുന്നു. ഇതിന് പുറമേ തന്റെ സുഹൃത്ത് ഷൗക്കത്തിന് 16 കോടി രൂപ കടം കൊടുത്തതായും റാണ മൊഴി നല്‍കിയിട്ടുണ്ട്.
ബൊലേറോ കാറില്‍ 7 ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും തിരിച്ച റാണ വാളയാര്‍ വഴിയാണ് കേരളം വിട്ടത്. നാല് പേര്‍ വാഹനത്തിലുണ്ടായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ബിസിനസ് പങ്കാളിയാണ് റാണയെ കേരളം വിടാന്‍ സഹായിച്ചതെന്നാണ് വിവരം. ഇയാള്‍ക്ക് റാണ നേരത്തെ 13 കോടി രൂപ നല്‍കിയിരുന്നുവെന്നാണ് സൂചന. ഇയാളെയും പോലീസ്
ചോദ്യം ചെയ്യും.
അതിനിടെ പ്രവീണ്‍ റാണ ഒളിവില്‍ കഴിഞ്ഞ പൊള്ളാച്ചിയിലെ വീടിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലുള്ള ദേവരായപുരത്തെ കരിങ്കല്‍ ക്വാറിയിലായിരുന്നു റാണ ഒളിവില്‍ കഴിഞ്ഞത്. ഇവിടെ റാണ താമസിച്ചിരുന്ന കുടിലിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്ത് വന്നിരിക്കുന്നത്.
ഇന്നലെ പിടിയിലായ പ്രവീണിനെ ഇന്ന് അന്വേഷണ സംഘം തൃശൂരില്‍ എത്തിച്ചു.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിനോട് പ്രവീണ്‍ റാണ തീര്‍ത്തും സഹകരിക്കുന്ന സമീപനമാണ്. വെട്ടിച്ച മുഴുവന്‍ പണവും ഒമ്പത് മാസം കൊണ്ട് തിരികെ നല്‍കുമെന്ന് പ്രവീണ്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് സൂചന. ഇക്കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും പ്രവീണ്‍ പറഞ്ഞു.
പ്രവീണ്‍ റാണയെ പിടികൂടുമ്പോള്‍ സന്ന്യാസി വേഷത്തിലായിരുന്നു. അതിഥി തൊഴിലാളിയുടെ ഫോണില്‍ നിന്നും വീട്ടുകാരെ വിളിച്ചതാണ് അറസ്റ്റിലേക്ക് വഴിവെച്ചത്. പെരുമ്പാവൂര്‍ സ്വദേശിയാണ് ഒളിത്താവളം ഒരുക്കിയതെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഒളിവില്‍ കഴിയുന്ന സ്ഥലത്ത് പോലീസ് എത്തിയതോടെ പട്ടികളെ അഴിച്ചുവിടുകയായിരുന്നു. ഒടുവില്‍ അതിസാഹസികമായാണ് പോലീസ് ഇയാളെ കീഴടക്കിയത്. റാണയ്ക്കൊപ്പം മൂന്ന് അംഗരക്ഷകരേയും പോലീസ് കീഴടക്കിയിരുന്നു.
‘സേഫ് ആന്‍ഡ് സ്ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് പ്രവീണ്‍റാണക്കെതിരായ കേസ്. 18 കേസുകളാണ് പ്രവീണ്‍ റാണക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരുലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍. 48 ശതമാനംവരെ പലിശയും ഫ്രാഞ്ചൈസി ചേര്‍ക്കാമെന്ന വാഗ്ദാനവും ചെയ്തതിനെ തുടര്‍ന്നാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്.
0 Comments