banner

വിദേശത്ത് നിന്ന് മടങ്ങിയെത്തി; പിറ്റേ ദിനം കുടുംബം ഒന്നടങ്കം തീകൊളുത്തി മരിച്ചു! ജീവനൊടുക്കിയത് കടക്കാരെ ഭയന്നെന്ന് സംശയം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റ് മുക്ക് കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരാണ് വെന്തുമരിച്ചത്. കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് രമേശൻ ഗൾഫിൽ നിന്നും എത്തിയത്. പിന്നാലെയാണ് മൂവരുടെയും മരണവാർത്തയും എത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയൽവാസികൾ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളിൽ നിന്നും തീ ആളിപ്പടരുന്നത് കണ്ടത്.

വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മുൻവാതിൽ തകർത്ത് സമീപവാസികൾ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരിക്കാൻ അലമാരയും മറ്റും ചേർത്തു വെച്ച നിലയിലായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും മരണം സംഭവിച്ചു. രമേശന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു.

സുലജയുടെയും രേഷ്മയുടെയും മൃതദേഹങ്ങൾ കട്ടിലിലാണ് കിടന്നിരുന്നത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. സാമ്പത്തിക ബാധ്യത തീർക്കാൻ വീടും വസ്തുവും വിൽക്കാൻ ശ്രമിച്ചെങ്കിലും കേസിൽപ്പെട്ടതിനാൽ വിൽക്കാൻ കഴിഞ്ഞിരുന്നില്ല. ലോൺ എടുക്കാനായിട്ടാണ് രമേശൻ വിദേശത്ത് നിന്ന് തന്നെ മടങ്ങി എത്തിയത്. അതേസമയം, മകൻ തമിഴ്‌നാട്ടിൽ ചെണ്ടമേളത്തിന് പോയിരിക്കുകയായിരുന്നു.

Post a Comment

0 Comments