banner

മാനിൻ്റെ സ്വഭാവമുള്ള കടുവയും മുയല്‍ പോലെയുള്ള സിംഹവും; പഴയിടത്തിന് സൈബറിടത്തിൽ പരിഹാസവുമായി സമീര്‍ ബിന്‍സി


മലപ്പുറം: സ്കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ മാംസാഹാരം ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കലോത്സവത്തിന് സ്ഥിരമായി സസ്യാഹാരം മാത്രം വിളമ്പുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സൂഫി ഗായകന്‍ സമീര്‍ ബിന്‍സി. വെജിറ്റേറിയന്‍ ഭക്ഷണവുമായി ബന്ധപ്പെട്ട പഴയിടം മോഹനന്‍ നമ്പൂതിരിയുടെ വാക്കുകളെ പരിഹസിച്ചുകൊണ്ടാണ് സമീറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. വ്യക്തിയെ രൂപപ്പെടുത്തുന്നത് അവർ കഴിക്കുന്ന ഭക്ഷണമാണെങ്കില്‍ മാനിൻ്റെ സ്വഭാവമുള്ള കടുവയും മുയല്‍ പോലെയുള്ള സിംഹവുമായിരിക്കുമെന്ന് അദ്ദേഹം കുറിച്ചു.

സമീര്‍ ബിന്‍സിയുടെ കുറിപ്പ്

"നമ്മളെന്ത് കഴിക്കുന്നോ അതാണ് നമ്മളായിട്ട് മാറുക. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് അവരുടെ സ്വഭാവങ്ങളിൽ ആ ഗുണങ്ങളുണ്ടാവും. വ്യക്തിയെ രൂപപ്പെടുത്തുന്നത് അവർ കഴിക്കുന്ന ഭക്ഷണമാണ്." അങ്ങനെയാണെങ്കിൽ എന്ത് രസമാവും! മാനിൻ്റെ സ്വഭാവമുള്ള കടുവ!! മുയൽ പോലെ സിംഹം!! ആട്ടിൻകുട്ടി പോലെ കുറുക്കൻ!! പുള്ളിമാൻ പോലെ പുള്ളിപ്പുലി....!... 'വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത -തൊട്ടാവാടിയായ -തേൻ പോലുള്ള- കരടി'..!! അങ്ങനൊരു സ്ഥലം ണ്ടെങ്കി പോയി നോക്കാമായിരുന്നു. തിയറി ണ്ടാക്കുമ്പോ ആദ്യം മുതൽ നോക്കണ്ടേ തിരു-മേനീ.... 😉


സ്കൂള്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്പാത്തതും സ്ഥിരമായി പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ പാചകക്കാരനാകുന്നതുമായിരുന്നു കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ ചൂടേറിയ ചര്‍ച്ച. പഴയിടത്തിന്‍റെ ജാതി മൂലമാണ് ഈ പ്രിവിലേജ് ലഭിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം, എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍, മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ കലോത്സവത്തില്‍ വെജ് മാത്രം വിളമ്പുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

Post a Comment

0 Comments