banner

മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാര്‍ത്താനായുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ഒന്നിനു വലിയ കോയിക്കല്‍ ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രത്തില്‍നിന്നു പുറപ്പെടും

മകരവിളക്കിനു ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ഒന്നിനു വലിയ കോയിക്കല്‍ ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രത്തില്‍നിന്നു പുറപ്പെടും.
സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ദര്‍ശനത്തിനു വച്ചിരുന്ന തിരുവാഭരണങ്ങള്‍ നാളെ പുലര്‍ച്ചെ നാലിനു കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികളില്‍നിന്നു ദേവസ്വം ബോര്‍ഡ്‌ അധികൃതര്‍ ഏറ്റുവാങ്ങും.
4.30 മുതല്‍ വലിയകോയിക്കല്‍ ക്ഷേത്ര സോപാനത്തില്‍ ദര്‍ശനത്തില്‍ വയ്‌ക്കും. 11.30 നു വലിയ തമ്പുരാന്‍ മകയിരംനാള്‍ രാഘവവര്‍മ്മ രാജ പരിവാരസമേതം ക്ഷേത്രത്തിലേെക്കത്തും. പ്രത്യേക പൂജകള്‍ക്കായി ഉച്ചയ്‌ക്ക്‌ 12 നു നട അടയ്‌ക്കും. പൂജകള്‍ക്ക്‌ ശേഷം പേടകങ്ങള്‍ മൂന്നും അടയ്‌ക്കും.
മേല്‍ശാന്തി പൂജിച്ചു നല്‍കുന്ന ഉടവാള്‍ രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മ്മയ്‌ക്കു വലിയ തമ്പുരാന്‍ കൈമാറും. ഒന്നിനു കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പേടകങ്ങള്‍ ശിരസിലേറ്റും. രാജപ്രതിനിധി പല്ലക്കില്‍ ഘോഷയാത്ര നയിക്കും. ഇരുമുടിക്കെട്ടേന്തിയ നൂറുകണക്കിന്‌ അയ്യപ്പന്മാരും ദേവസ്വം ബോര്‍ഡ്‌ അധികൃതരും പോലീസും ഘോഷയാത്രയ്‌ക്ക്‌ ആദ്യവസാനം അകമ്പടി സേവിക്കും. വൈകിട്ട്‌ പുതിയകാവ്‌ ദേവീക്ഷേത്രത്തിലെത്തി വിശ്രമിക്കും.
13 നു രാത്രി ളാഹ വനം വകുപ്പ്‌ സത്രത്തില്‍ ക്യാമ്പ്‌ ചെയ്യും. 14 നു പുലര്‍ച്ചെ പുറപ്പെടുന്ന സംഘം നീലിമല കയറി സന്നിധാനത്തേക്കു പോകും. രാജപ്രതിനിധി പമ്പയിലെത്തി വിശ്രമിക്കും. മകരം മൂന്നിന്‌ അദ്ദേഹം സന്നിധാനത്തേക്കു പോകും. ഘോഷയാത്ര ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ്‌ അധികൃതര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. പതിനെട്ടാം പടി കയറിയെത്തുന്ന സംഘത്തില്‍നിന്നു ക്ഷേത്ര സോപാനത്തില്‍വച്ച്‌ മേല്‍ശാന്തി തിരുവാഭരണ പേടകം ഏറ്റുവാങ്ങി ശ്രീകോവിലിലേക്കു കൊണ്ടുപോയി വിഗ്രഹത്തില്‍ ചാര്‍ത്തും.

Post a Comment

0 Comments