banner

പുതുവത്സരദിനത്തിൽ കൊല്ലം ബീച്ചിൽ തടിച്ചുകൂടിയത് ആയിരങ്ങൾ; ആകാശ വിളക്ക് കത്തിച്ച് പറത്തിയവർ നിരവധി; ആഘോഷങ്ങൾക്കിടെ നോമ്പരമായി അഞ്ചാലുംമൂട്ടിലെ 26-കാരൻ്റെ തിരയിൽപ്പെട്ടുള്ള തിരോധാനം

കൊല്ലം : കൊല്ലം ബീച്ചിൽ പുതുവത്സരദിനത്തിൽ ആഘോഷങ്ങൾക്കായി തടിച്ചുകൂടിയത് ആയിരക്കണക്കിനു പേർ. താന്നിയേയും വർക്കലയേയും അപേക്ഷിച്ച് വലിയ രീതിയിലുള്ള പരിപാടികളില്ലാതിരുന്നിട്ടും വൻ ജനപ്രവാഹമായിരുന്നു 2022 ലെ അവസാന ദിവസമായ ഡിസംബർ 31ന് ബീച്ചിലേക്ക് ഒഴുകിയെത്തിയത്. സുഹൃത്ത് സംഘങ്ങളായും കുടുംബ ഒത്തുചേരലായും പ്രണയ സംഘമ വേദിയായും ബീച്ച് വഴിമാറി. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും തിരികളായി തെളിയിച്ച് ചിലർ ആകാശ വിളക്ക് കത്തിച്ച് പറത്തി. പക്ഷെ പുതുവർഷത്തിൽ കൊല്ലം നിവാസികൾ ആദ്യം കേട്ടത് അഞ്ചാലുംമൂട് സ്വദേശിയായ 26-കാരൻ്റെ തിരയിൽപ്പെട്ടുള്ള തിരോധാനമാണ്. ഇതോടെ ബീച്ച് മണിക്കൂറുകളേക്ക് ശോകമൂകമായി.

അഞ്ചാലുംമൂട് കാഞ്ഞിരംകുഴി സ്വദേശികളായ രാജേന്ദ്രൻ-അനിത ദമ്പതികളുടെ മകൻ അഖിൽ രാജേന്ദ്രനാണ് തിരയിൽപ്പെട്ട് കാണാതായത്. ജെസിബി ഓപ്പറേറ്ററായ അഖിലിനെ കണ്ണൻ എന്നാണ് കൂട്ടുകാർ ഉൾപ്പെടെ വിളിക്കാറുള്ളത്. പുതുവത്സരാഘോഷത്തിനായി സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയ അഖിലിനെ രാത്രി 12.30 യോടെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. ആഘോഷങ്ങൾക്കിടെ അഖിലിനെ കാണാതായ വിവരം തിരിച്ചറിയാൻ സുഹൃത്തുക്കളും വൈകി. തിരിച്ചിലിനായി കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും പ്രദേശത്ത് തുടരുകയാണ്. 26 വയസുകാരനായ അഖിൽ കൂട്ടുകാർക്കും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനാണ്. ബന്ധുക്കൾ ഉൾപ്പെടെ പ്രദേശത്ത് തുടരുന്നതായാണ് വിവരം.

കൊവിഡ് കാലത്തെ അടച്ചിടലിന് വിരാമം കുറിച്ച 2022 ൻ്റെ ഒടുക്കം ഏറെ മുൻകരുതലോടെയാണ് ജില്ലയിൽ ആഘോഷിക്കപ്പെട്ടത്. ലഹരി ഉൾപ്പെടെയുള്ള ക്രിമിനൽ വാസന തടയുന്നതിനും പൊതുനിരത്തിലെ അപകടം കുറയ്ക്കുന്നതിനുമായി നിരവധി മുൻകരുതലുകൾ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന തലത്തിൽ സ്വീകരിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ബീച്ചിലും പരിസരത്തുമായി വൻ ക്രമീകരണങ്ങൾ പോലീസും കോസ്റ്റൽ വിഭാഗവും സദാ സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ തിരമാല മുന്നറിയിപ്പ് ലൈഫ് ഗാർഡുകൾ പൊതുജനങ്ങൾക്ക് നൽകിയതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

إرسال تعليق

0 تعليقات