banner

തൃക്കരുവ മിനി സ്റ്റേഡിയത്തിലെ ദുരവസ്ഥ: വിജിലൻസ് അന്വേഷണം കാത്തിരുന്നവർ വിഢികളായി

അഞ്ചാലുംമൂട് : തൃക്കരുവ മിനി സ്റ്റേഡിയം ദുരവസ്ഥയിലാവാൻ കാരണം അശാസ്ത്രീയമായ നിർമ്മാണമാണെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്ന ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ വാക്ക് പാഴ് വാക്കായി. ഇതോടെ അന്വേഷണം നടത്തി അശാസ്ത്രീയമായ നിർമ്മാണം നടത്തിയവർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കുമെന്ന് കാത്തിരുന്നവർ വിഢികളായി. കേരളോത്സവം വിവാദത്തിൽ മിനി സ്റ്റേഡിയം ദുരവസ്ഥയ്ക്ക് കാരണം അശാസ്ത്രീയമായ നിർമ്മാണമാണെന്നും പരാതി നൽകുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രനും അന്ന് പ്രതികരിച്ചിരുന്നു.

സ്റ്റേഡിയത്തിൻ്റെ പണി പൂർത്തികരിച്ചത് 2021 രണ്ടാം മാസത്തിലായിരുന്നു. ആ മാസം പതിമൂന്നിനാണ് കൊല്ലം എം.എൽ.എ എം.മുകേഷ് ഉദ്ഘാടനം ചെയ്തത്. പിന്നാലെ ആരംഭിച്ച വാദ പ്രതിവാദങ്ങൾക്ക് അടുത്ത മാസം പതിമൂന്നിന് മൂന്ന് വർഷം തികയുന്നു എന്നല്ലാതെ പ്രശ്നങ്ങൾക്ക് യാതൊരു വിധമായ തീർപ്പും കല്പിക്കാൻ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർക്കാർക്കും കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ സമരങ്ങൾ പോലും തേച്ചു മായ്ച്ച സ്റ്റേഡിയത്തിൻ്റെ ദുരവസ്ഥ ഇന്നുമൊരു ചോദ്യചിഹ്നമാണ്.

കെട്ടിട അവശിഷ്ഠങ്ങളും ഗുണമേന്മയില്ലാത്ത മണ്ണും എത്തിച്ചാണ് ഗ്രൗണ്ട് പൂർത്തികരിച്ചതെന്നും. ഇതു മൂലമാണ് ഗ്രൗണ്ടിൽ നിറയെ കല്ലുകൾ ഉള്ളതെന്നും പൊതു പ്രവർത്തകർ അന്ന് ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ ഉയർന്നുവന്ന പ്രതിഷേധങ്ങളാണ് എങ്ങുമെത്താതെ അവസാനിച്ചത്. അതേ സമയം, യുവാക്കൾ നിരന്തരം അഭ്യർത്ഥിച്ചിട്ടും സ്റ്റേഡിയത്തിലെ ദുരവസ്ഥയുടെ പ്രധാന കാരണം കണ്ടെത്താൻ പഞ്ചായത്ത് ശ്രമിക്കുന്നില്ലെന്നും ആരോപണമുണ്ട്.

വെള്ളത്തിൽ വീണത് ഒരു കോടി 40 ലക്ഷത്തോളം രൂപ

തൃക്കരുവായിലെ കായിക പ്രതിഭകളുടെ ചിരകാല സ്വപ്ന സാക്ഷാത്ക്കരമായിരുന്നു പഞ്ചായത്ത് മിനി സ്റ്റേഡിയം. 1 കോടി 40 ലക്ഷത്തോളം രൂപയാണ് ആകെ ചിലവായത്. എന്നാൽ, കാണികൾക്കായുള്ള ഗ്യാലറിയല്ലാതെ പണം ചിലവാക്കിയ യാതൊന്നും സ്റ്റേഡിയത്തിൽ ഇല്ലെന്നാണ് യുവാക്കളുടെ പക്ഷം. ഇവിടെ സജ്ജീകരിച്ച ഓപ്പൺ സ്റ്റേജും അത്ര ചിലവുള്ളതല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.



Post a Comment

0 Comments