banner

ഒരു കവുങ്ങിൽ നിന്ന് മറ്റൊന്നിലേയ്ക്ക് എത്തിപ്പിടിക്കാൻ ശ്രമം; കവുങ്ങ് മരം ഒടിഞ്ഞ് 35കാരനായ യുവാവ് മരിച്ചു

സുൽത്താൻ ബത്തേരി : അടക്ക പറിക്കുന്നതിനിടെ കവുങ്ങ് മരം ഒടിഞ്ഞ് യുവാവ് മരിച്ചു. പുൽപ്പള്ളി കാപ്പി സെറ്റ് മുതലിമാരൻ കോളനിയിലെ 35കാരനായ മനോജ് ആണ് മരിച്ചത്. പുൽപ്പള്ളി ടൗണിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ അടക്ക പറിക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു അപകടം നടന്നത്.

ഒപ്പം ജോലി ചെയ്തിരുന്നവർ ഉടൻ അദ്ദേഹത്തെ പുൽപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലും സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഉൾവശം കേടായ തുടങ്ങിയ കവുങ്ങിൽ നിന്ന് സമീപത്തെ മറ്റൊരു കവുങ്ങിലേക്ക് എത്തിപ്പിടിക്കാനുള്ള ശ്രമത്തിനിടെയാണ് തടിപൊട്ടി മനോജ് താഴേയ്ക്ക് വീണത്.

മരം മുറിക്കുന്നതടക്കമുള്ള ജോലികൾക്കായിരുന്നു മനോജ് പോയിരുന്നതെങ്കിലും പണി കുറവായതും അടക്കവിളവെടുപ്പ് കാലമായതിനാലും ഏതാനും ദിവസങ്ങളായി കവുങ്ങ് കയറ്റമായിരുന്നു ജോലി. ഇതോടെ കുടുംബം പുലർത്താനുള്ള മനോജിന്റെ ഓട്ടമാണ് നിലച്ചത്. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. നിഷയാണ് മനോജിന്റെ ഭാര്യ. മക്കൾ: നിത്യ, മനേഷ്, മനീഷ്.

Post a Comment

0 Comments