മയക്കുമരുന്ന് വിൽപ്പനക്കിടെ യുവാക്കൾ തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്‌ക്വാഡിൻ്റെ പിടിയിലായി. പോക്സോ കേസ്സിൽ ജാമ്യത്തിൽ കഴിഞ്ഞു വരുന്നതും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ കരിമഠം കോളനി നിവാസിയായ 24 വയസ്സുള്ള സനൂജ്, സുഹൃത്ത് 23 വയസ്സുള്ള രാഹുൽ ജോസ് മോഹൻ എന്നിവരെയാണ് മയക്കുമരുന്ന് വിൽപ്പനക്കിടെ കരിമഠം കോളനിയിൽ വെച്ച് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്നും 2.831 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
തിരുവനന്തപുരം സിറ്റിയുടെ നഗരഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ കോളനിയിൽ ചില ചെറുപ്പക്കാർ മയക്കുമരുന്ന് ഉപയോഗിച്ച് ക്രിമിനൽ പ്രവർത്തികളിൽ ഏർപ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിനാൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിന്റെ കീഴിലുള്ള ഷാഡോ ടീം കുറച്ചു ദിവസങ്ങളായി ഈ കോളനിയിൽ പ്രശ്ഛന്ന വേഷത്തിൽ നിരീക്ഷണം നടത്തിവരികയായിരുന്നു. പോക്സോ കേസ്സിൽ ഉൾപ്പെട്ട് മൂന്നു മാസം മുൻപ് വരെ ജയിലിലായിരുന്ന പ്രതി സനൂജ് ജാമ്യ വ്യവസ്ഥതയിൽ കഴിഞ്ഞുവരികെ എക്സൈസ് നർകോട്ടിക് സ്‌ക്വാഡിന്റെ പിടിയിലാക്കുന്നത്.
കൂട്ടുപ്രെതിയായ രാഹുൽ ജോസ് മോഹൻ കുറച്ചു നാളുകളായി മയക്കുമരുന്ന് ഉപയോഗിക്കുകയും പൊതുജനങ്ങൾക്ക് ശല്യമാകുന്നവിധത്തിൽ പ്രേവർത്തിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു. കരിമഠം കോളനിയിൽ മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തിവരുന്നവരെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുള്ളതായി ബി. എൽ. ഷിബു അറിയിച്ചു. സംഘത്തിൽ പ്രിവെന്റിവ് ഓഫീസർ അനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ, സുരേഷ് ബാബു, ആരോമൽ രാജ്, അക്ഷയ് സുരേഷ്, പ്രബോധ്, രതീഷ് മോഹൻ, ഡ്രൈവർ അനിൽകുമാർ ഉണ്ടായിരുന്നു.
0 Comments