ന്യൂഡൽഹി : അഞ്ജലി സിംഗ് എന്ന യുവതിയെ ഇരുചക്രവാഹനത്തിൽ കാറിടിച്ച് വീഴ്ത്തി വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസിൽ 11 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കൺട്രോൾ റൂമിലും പിക്കറ്റ് ഡ്യൂട്ടിയിലുമുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. അപകടവിവരം അറിയിച്ചിട്ടും പൊലീസ് എത്താൻ വൈകിയെന്ന് പരാതി ഉയർന്നിരുന്നു.
സംഭവ ദിവസം രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. പുതുവത്സര ദിനത്തിൽ വിന്യസിച്ച മൂന്ന് പിസിആർ വാനുകളിലും രാത്രിയിൽ രണ്ട് പിക്കറ്റുകളിലും വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാൻ മന്ത്രാലയം ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
രണ്ട് സബ് ഇൻസ്പെക്ടർമാർ, 4 ഹെഡ് കോൺസ്റ്റബിൾമാർ, ഒരു കോൺസ്റ്റബിൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാരിൽ നിന്ന് കൃത്യവിലോപം നടന്നതായി കണ്ടെത്തിയതായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷണർ ശാലിനി സിംഗ് പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാർക്കെതിരെ കൊലക്കുറ്റവും ചുമത്തണമെന്ന് മന്ത്രാലയം അറിയിച്ചതായി പൊലീസ് പറഞ്ഞു.
0 Comments