banner

ഇറച്ചിക്കടയിൽ നിന്ന് വാങ്ങിയ മാംസത്തിൽ പാചകത്തിനിടെ പുഴുവിനെ കിട്ടി; പിന്നാലെ പരാതി നൽകി; പരിശോധനയിൽ പിടികൂടിയത് 350 കിലോ പഴകിയ മാംസം; കട പൂട്ടിച്ചു


കൊച്ചി : എറണാകുളം പറവൂരിൽ ഇറച്ചി കടയിൽ പഴകിയ  ഇറച്ചി പിടികൂടി. 350 കിലോ ഇറച്ചി ആണ് പിടികൂടിയത്. നീണ്ടൂരിൽ നൗഫൽ എന്ന ആളുടെ  സ്ഥാപനത്തിൽ നിന്നാണ് ഇറച്ചി പിടികൂടിയത്. ഈ കടയിൽ നിന്ന് ഇറച്ചി വാങ്ങിയ സ്ത്രീ പാചകത്തിനിടെ മാംസത്തിൽ പുഴുവിനെ കണ്ടെത്തി. ഇവരുടെ പരാതി ലഭിച്ചതിനെ തുടർന്ന് ചിറ്റാറ്റുകര പഞ്ചായത്ത്‌ അധികൃതർ ആണ് നടപടി  എടുത്തത്. ഹലാൽ  ചിക്കൻ എന്ന കടയിൽ ആണ്  പഴകിയ മാംസം  കണ്ടെത്തിയത്. കട പഞ്ചായത്ത്‌ പൂട്ടിച്ചു. 

അതേസമയം എറണാകുളം മരടിൽ നിന്ന് 6,000 കിലോ പുഴുവരിച്ച മീൻ പിടികൂടിയ കേസിൽ രണ്ട് കണ്ടെയ്നറുകളുടെയും ഉടമയെ കണ്ടെത്തി. വിജയവാ‍ഡ സ്വദേശിയാണ് ഉടമ. എന്നാൽ, വാഹനങ്ങൾ വാടകയ്ക്ക് നൽകിയതാണെന്നും മീൻ ഇടപാടുമായി ബന്ധമില്ലെന്നുമാണ് ഉടമയുടെ വാദം. ബം​ഗളൂരു ആസ്ഥാനമായ കമ്പനിയാണ് ഒരു മാസത്തോളം പഴക്കമുള്ള മീൻ കൊണ്ടുവന്നതെന്നാണ് സൂചന. ആന്ധ്ര വിജയവാഡ സ്വദേശി ലക്ഷ്മി പ്രസാദിന്‍റേതാണ് പുഴുവരിച്ച മീൻകൊണ്ടുവന്ന രണ്ട് കണ്ടെയ്നറുകളും.

പിടിച്ചെടുത്തവയിൽ ഒരു മാസത്തോളം പഴക്കമുള്ള മീനുകളുമുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. പഴക്കം കുറഞ്ഞ മീനും ചീഞ്ഞ മീനും കലർത്തി വിൽപ്പന നടത്താനാണ് കൊണ്ടുവന്നതെന്നാണ് സൂചന. മീൻ പെട്ടികളിലെ രേഖപ്പെടുത്തൽ അനുസരിച്ച് ബം​ഗളൂരു ആസ്ഥാനമായ പ്രമുഖ സീഫുഡ് കമ്പനിയുടേതാണ് മീൻ. ആലപ്പുഴയിലെ ചെറുകിട സീഫുഡ് കമ്പനിയിലേക്കാണ് മീൻ കൊണ്ടുവന്നതെന്നും സൂചനയുണ്ട്. ഒളിവിലുള്ള കണ്ടെയ്ന‍ർ ഡ്രൈവർമാരെ കണ്ടെത്തിയാലേ ഇക്കാര്യം വ്യക്തമാകൂ.

കഴിഞ്ഞ ദിവസം മരടിൽ ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നറുകളിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ പരാതിപ്പെട്ടത്. ഇതനുസരിച്ച് പരിശോധനയ്ക്ക് എത്തിയ മരട് നഗരസഭ വിഭാഗം ജീവനക്കാർ കണ്ടെയ്നർ തുറന്നതോടെ ഞെട്ടി. രണ്ട് കണ്ടെയ്നറുകളിൽ നിന്ന് പുറത്തേക്ക് പുഴുവരിക്കുകയാണ്. ചീഞ്ഞ മീനിൽ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകി പ്രദേശത്താകെ ദുർഗന്ധവുമുണ്ടായി. ഒരു കണ്ടെയ്നറിൽ 100 പെട്ടി മീനും മറ്റൊന്നിൽ 64 പെട്ടി മീനുമാണ് ഉണ്ടായിരുന്നത്. 

Post a Comment

0 Comments