ഇടുക്കി : ഉടുമ്പന്‍ചോല സിപിഐയില്‍ പൊട്ടിത്തെറി. പഞ്ചായത്ത് പ്രസിഡന്റാക്കണമെങ്കില്‍ ഒരു ലക്ഷം രൂപ കോഴ നല്‍കണമെന്ന് സിപിഐ ആവശ്യപ്പെട്ടതായി സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി അംഗത്തിന്റെ ആരോപണം. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റായി ലേഖ ത്യാഗരാജനെ തെരഞ്ഞെടുത്തതോടെയാണ് വിജയലക്ഷ്മി ഇടമന രംഗത്തെത്തിയത്.
മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് പദവിയില്‍ നിന്നും സിപിഐഎം അംഗമായ ശോഭാ വിജയന്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് രണ്ടാം ടേമില്‍ വിജയ ലക്ഷ്മിയെ പ്രസിഡന്റാക്കാമെന്ന് സിപിഐ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് ആരോപണം ഉയര്‍ന്നത്.
ഉടുമ്പന്‍ചോല മണ്ഡലം സമ്മേളനത്തില്‍ മുന്‍ മണ്ഡലം പ്രസിഡന്റ് പികെ സദാശിവന്‍, എസ് മനോജ് എന്നിവരെ വെട്ടിനിരത്താന്‍ സിപിഐ നേതൃത്വം ഇടപെട്ട് വ്യാജ പരാതി തയ്യാറാക്കിയെന്നും ആരോപണമുണ്ട്. സിപിഐ മണ്ഡലം കമ്മിറ്റി ഒരു ഗൂഢസംഘത്തിന്റെ കൈയിലാണ്. എസ് മനോജിനേയും പി കെ സദാശിവനേയും ഒഴിവാക്കാന്‍ പുളിയന്‍മല എഐടിയുസി ഓഫീസില്‍ എത്തി ചര്‍ച്ച നടത്തി. ഇതിന് ശേഷം സിപിഐ നേതാവ് എസ് വിജുവിന്റെ വീട്ടിലിരുന്നാണ് മൂന്ന് പരാതികള്‍ തയ്യാറാക്കിയത്. സിപിഐ നേതാക്കളായ സികെ കൃഷ്ണന്‍കുട്ടി, വി കെ ധനപാല്‍, കെ ജി ഓമനകുട്ടന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പരാതി പൂര്‍ണമായി വായിക്കാതെയാണ് ഒപ്പിട്ടത്. സമ്മേളനത്തില്‍ മത്സരം വന്നാല്‍ എന്തുചെയ്യണമെന്ന് ചോദിച്ചപ്പോള്‍ ജില്ലാ സെക്രട്ടറിയായിരുന്ന കെകെ ശിവരാമന്‍ എല്ലാം ഏറ്റിട്ടുണ്ടെന്നാണ് നേതാക്കള്‍ പറഞ്ഞതെന്നും വിജയലക്ഷ്മി ആരോപിച്ചു. താന്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജില്ലാ സെക്രട്ടറി കെ സലീംകുമാറിനും അപേക്ഷ നല്‍കിയതായും വിജയലക്ഷ്മി വ്യക്തമാക്കി.
എന്നാല്‍ ആരോപണം സിപിഐ നിഷേധിച്ചു. മണ്ഡലം കമ്മിറ്റി ഏകകണ്ഠമായിട്ടാണ് പഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിച്ചതെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് വിജയലക്ഷ്മി ആരോപണവുമായി രംഗത്തെത്തിയതെന്നും ആരോപണ വിധേയനായ നേതാവ് പ്രതികരിച്ചു.
0 Comments