banner

എ.ഗീത ഐഎഎസ് മികച്ച ജില്ലാ കളക്ടർ; 2022 ലെ റവന്യൂ അവാർഡുകൾ പ്രഖ്യാപിച്ചു

2022ലെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസിന് മികച്ച കളക്ടര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു. മാനന്തവാടി സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടര്‍. മികച്ച ആര്‍.ഡി.ഒ ആയി പാലക്കാട്ടെ ഡി.അമൃതവല്ലി തെരഞ്ഞെടുക്കപ്പെട്ടു.

അംഗീകാരം വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് കളക്ടര്‍ എ. ഗീത പ്രതികരിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ ഇനിയും നടത്താനുണ്ട്. ഏവരുടേയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എസ്. സന്തോഷ് കുമാര്‍, എന്‍.ബാലസുബ്രഹ്‌മണ്യം, ഡോ.എം.സി.റെജില്‍, ആശ സി എബ്രഹാം, ശശിധരന്‍ പിള്ള, ഡോ. ജെ.ഒ അരുണ്‍, എന്നിവരാണ് മികച്ച ഡെപ്യൂട്ടി കളക്ടര്‍മാര്‍. മികച്ച കളക്ടടറേറ്റായി വയനാട് കളക്ടറേറ്റും, മികച്ച റവന്യു ഡിവിഷണല്‍ ഓഫിസായി മാനന്തവാടിയും, മികച്ച താലൂക്ക് ഓഫീസായി തൃശൂരും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് പുരസ്‌കാരങ്ങള്‍: ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്‌ടര്‍ എം എന്‍ ബാലസുബ്രഹ്മണ്യന്‍ (പാലക്കാട്), റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്‌ടര്‍ ഡോ എം സി റെജില്‍ (മലപ്പുറം), ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്‌ടര്‍ ആശ സി എബ്രഹാം (ആലപ്പുഴ), ലാന്‍ഡ് അക്യൂസിഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ ശശിധരന്‍പിള്ള (കാസര്‍കോട്), ലാന്‍ഡ് അക്യൂസിഷന്‍ ദേശീയപാത വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ ഡോ ജെ ഒ അരുണ്‍. മികച്ച തഹസില്‍ദാര്‍മാരായി കെ എസ് നസിയ (പുനലൂര്‍), സി പി മണി(കൊയിലാണ്ടി), റേച്ചല്‍ കെ വര്‍ഗീസ് (കോതമംഗലം) എന്നിവരെ തെരഞ്ഞെടുത്തു.

ലാന്‍ഡ് റവന്യൂ കമ്മിഷണര്‍, ജോയിന്‍റ്‌ കമ്മിഷണര്‍, അസിസ്റ്റന്‍റ് കമ്മിഷണര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മികച്ചയാളുകളെ വകുപ്പ് നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മികച്ച കലക്‌ടറെയും മറ്റ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുത്തതെന്നും ഒരാളെ മികച്ച കലക്‌ടറായി തെരഞ്ഞെടുത്തു എന്നതു കൊണ്ട് മറ്റ് കലക്‌ടർമാർ മോശക്കാരാണെന്ന് അര്‍ത്ഥമില്ല എന്നും റവന്യൂ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ എ ഗീത എന്‍ട്രന്‍സ് പരീക്ഷ കമ്മിഷണറായിരിക്കെ 2021 സെപ്‌റ്റംബര്‍ ഒമ്പതിനാണ് വയനാട് ജില്ല കലക്‌ടറായി ചുമതലയേറ്റത്. വയനാട് ജില്ലയുടെ 33-ാമത്തെ കലക്‌ടറാണ്. ഇതിനൊപ്പം മികച്ച കലക്‌ടറേറ്റായി വയനാട് കലക്‌ടറേറ്റിനെ തിരഞ്ഞെടുത്തത് ജില്ലക്ക് ഇരട്ടി മധുരമായി.

സംസ്ഥാനത്തെ ആദിവാസി പിന്നാക്ക ജനവിഭാഗങ്ങള്‍ ഏറെയുള്ള ജില്ലയില്‍ കലക്‌ടര്‍ എന്ന നിലയില്‍ നടത്തിയ മികച്ച ഇടപെടലുകള്‍ കൂടി കണക്കിലെടുത്താണ് അവാര്‍ഡ്. മികച്ച സബ്‌ കലക്‌ടറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീലക്ഷ്‌മി 2018 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 29-ാം റാങ്ക് നേടിയാണ് ഐഎഎസില്‍ പ്രവേശിച്ചത്. ആലുവ സ്വദേശിയാണ്.

Post a Comment

0 Comments