banner

പോലീസ്‌ - ഗുണ്ടാ ബന്ധങ്ങള്‍ പ്രധാന അജണ്ട; ഡിജിപി വിളിച്ചു ചേർത്ത പോലീസ് ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

തിരുവനന്തപുരം : പൊലിസ് ഗുണ്ടാ ബന്ധം വിവാദമായിരിക്കെ ഡിജിപി വിളിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. സംസ്ഥാനത്തെ ഗുണ്ടകളുടെ പ്രവർത്തനവും, സാമ്പത്തിക തട്ടിപ്പുകാരുടെ സ്വത്ത് കണ്ടെത്താനുള്ള കേന്ദ്ര നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതും യോഗം ചർച്ച ചെയ്യും.

സംസ്ഥാനത്ത് ഗുണ്ടാ ആക്രമങ്ങള്‍ തുടർക്കഥയാവുകയാണ്. ഇതിനിടെയാണ് പൊലിസുകാരുടെ ഗുണ്ടാ-മാഫിയ ബന്ധങ്ങള്‍ മറനീക്കി പുറത്തുവരുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാൻ സംസ്ഥാന വ്യാപകമായ ഓപ്പറേഷൻ ആഗ് നടപ്പാക്കിയെങ്കിലും പല ഗുണ്ടാനേതാക്കളും പിടിയിലായിട്ടില്ല. പൊലിസിലെ ക്രമിനലുകള്‍ക്കെതിരെ പിരിച്ചുവിടൽ ഉള്‍പ്പെടെയുള്ള നടപടി തുടങ്ങിയെങ്കിലും പൊലിസ് സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്ന് തുടക്കത്തിൽ കൈകൊണ്ട ആവേശം ഇപ്പോള്‍ പൊലിസ് ആസ്ഥാനത്തിനുമില്ല. നിലവിലെടുത്ത വകുപ്പുതല നടപടികളെ ചോദ്യം ചെയ്ത് ചില‍ ഉദ്യോഗസ്ഥർ കോടതി സമീപിച്ചിട്ടുണ്ട്. ഇതിൽ എന്തുണ്ടാകുമെന്നറിഞ്ഞാകും മുന്നോട്ടുള്ള നടപടികളെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

ക്രമസമാധാന പ്രശ്നങ്ങള്‍ ചർച്ച ചെയ്യാൻ മൂന്നുമാസത്തിലൊരിക്കൽ ഡിജിപി വിളിക്കുന്ന യോഗമാണെങ്കിലും ഇപ്രാവശ്യത്തെ അജണ്ടകള്‍ കൊണ്ടാണ് ഇന്നത്തെ യോഗം ശ്രദ്ധിക്കപ്പെടുന്നത്. പൊലിസ്- ഗുണ്ടാ ബന്ധം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൻെറ ശാക്തീകരണം, സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തു കണ്ടെത്താനുളള കേന്ദ്ര നിയമമായ ബഡ്സ് നിയമം കാര്യക്ഷമമായി നടപ്പക്കൽ എന്നിവയാണ് ഡിജിപി യോഗത്തിലെ പ്രധാന അജണ്ടകള്‍.

Post a Comment

0 Comments