banner

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

തൃശൂര്‍ : യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. തൃശൂര്‍ പുഴയ്ക്കലില്‍ ആണ് സംഭവം. കെ എസ് ആര്‍ ടി സി ഡ്രൈവറുടേയും നാട്ടുകാരുടേയും സമയോചിത ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. നിലമ്പൂരില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

നിലമ്പൂര്‍ ഡിപ്പോയിലെ കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ് പുഴയ്ക്കല്‍ മുതുവറയില്‍ വെച്ച് തീപിടിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 11.10 ഓടെയായിരുന്നു സംഭവം. തീ പിടിച്ച് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.

സജീവ് തന്നെ ഉടന്‍ ബസില്‍ സൂക്ഷിച്ചിരുന്ന ഫയര്‍ എക്സ്റ്റിങ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തുകയും ചെയ്തു. ബസ് നിര്‍ത്തിയത് കണ്ട നാട്ടുകാരും ഓടിയെത്തി തീ കെടുത്താന്‍ സഹായിച്ചു. വൈകാതെ തന്നെ ഫയര്‍ ഫോഴ്‌സ് എത്തി ബസിന്റെ ബാറ്ററി ഊരി മാറ്റി വെള്ളം പമ്പ് ചെയ്ത് സുരക്ഷിതമാക്കുകയും ചെയ്തു.

തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സാങ്കേതിക തകരാറായിരിക്കാം തീ പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ കുറിച്ച് ഫയര്‍ഫോഴ്‌സും പരിശോധിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ അല്‍പ നേരം ഗതാഗതം തടസപ്പെട്ടു.

ബസ് സംഭവ സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമം തുടരുകയാണ്. യാത്രക്കാര്‍ എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

Post a Comment

0 Comments