Latest Posts

അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു


അഞ്ചാലുംമൂട് :
 അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു. കൊട്ടാരത്തുംകീഴ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മണലിക്കട സ്വദേശിയായ ബിനു ആണ് മരിച്ചത്. കുട്ടൻ എന്ന് വിളിപ്പേരുള്ള ബിനുവിന് 37 വയസ്സായിരുന്നു. കേസിൽ ബിനുവിന്റെ മാമനും പ്രതിയുമായ വിജയകുമാറിനെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. 

ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. തൃക്കരുവയിലെ വാടക വീട്ടിലാണ് ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് വാക്കുതർക്കം ഉണ്ടായത്. വാക്കുതർക്കം മൂർച്ചിച്ചതോടെ വിജയകുമാർ ബിനുവിനെ ഉലക്ക ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. പ്രഹരത്തിൽ നിലത്ത് വീണ ബിനുവിനെ ശേഷമെത്തിയ പൊലീസ് സംഘം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇവർ തമ്മിൽ മദ്യപിച്ച് ഇത്തരം അടിപിടി പതിവായിരുന്നതെന്ന് നാട്ടുകാർ വ്യക്തമാക്കി. സംഭവ സമയവും ഇരുവരും മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

0 Comments

Headline