Latest Posts

കൊല്ലത്ത് ലോറിക്കടിയിൽപ്പെട്ട യുവാവ് ചികിത്സ ലഭിക്കാതെ റോഡിൽ കിടന്നത് 9 മണിക്കൂർ; പിന്നാലെ മരണം!, ലോറി ഡ്രൈവർ പിടിയിൽ; യഥാസമയം ചികിത്സ നൽകിയെങ്കിൽ രക്ഷപ്പെട്ടേനെയെന്ന് പൊലീസ്

കൊല്ലത്ത് കൊട്ടാരക്കരയിൽ ലോറിക്കടിയിൽപ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡിൽ കിടന്നത് 9 മണിക്കൂർ. സദാനന്ദ പുരത്തിന് സമീപം ഇന്നലെ രാത്രി 11.30ടെയുണ്ടായ അപകടത്തിൽ മരിച്ച വെട്ടിക്കവല സ്വദേശി രതീഷി(38)ന്റെ മൃതദേഹമാണ് പുലർച്ചെ വരെ റോഡരികിൽ കിടന്നത്.
ലോറി ഡ്രൈവറെ പോലീസ് പിടികൂടി.

കഴിഞ്ഞ ദിവസം രാത്രി തമിഴ്നാട്ടിൽ നിന്നും വാഴവിത്തുമായി എത്തിയ ലോറി ലോഡ് ഇറക്കിയ ശേഷം മുന്നോട്ടെടുത്തപ്പൊഴാണ് സമീപത്തു നിന്നിരുന്ന രതീഷിനെ ഇടിക്കുകയും വാഹനം ശരീരത്ത് കൂടി കയറി ഇറങ്ങുകയും ചെയ്തത്.
അപകടം സംഭവിച്ചതറിഞ്ഞ ലോറി ഡ്രൈവറായ തമിഴ്നാട് തക്കല സ്വദേശി കൃഷ്ണകുമാർ ഗുരുതരമായി പരിക്കേറ്റ രതീഷിനെ റോഡിന്റെ വശത്തേക്ക് മാറ്റി കിടത്തി കടന്നു കളയുകയായിരുന്നു.
രാവിലെ 8 മണിയോടെ നാട്ടുകാരാണ് ഈ ദാരുണ സംഭവം പോലീസിനെ അറിയിക്കുന്നത്.

കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിൽ ലോറി കയറിയിറങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ ലോറി ഡ്രൈവറെ പുത്തൂരിൽ നിന്നും കസ്റ്റഡിയിലെടുത്തു.
ഡ്രൈവറുടെ വീഴ്ച്ചയാണ് രതീഷിന്റെ മരണത്തിന് കാരണമെന്നും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ യുവാവിനെ രക്ഷിക്കാൻ കഴിഞ്ഞേനെയെന്നും പോലീസ് പറഞ്ഞു.
മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌ മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി.

0 Comments

Headline