സ്കൂട്ടറിൽ കറങ്ങിനടന്ന് കഞ്ചാവ് വില്പന നടത്തിയിരുന്ന പ്രതിയെ കോടതി ശിക്ഷിച്ചു. കൊല്ലം പള്ളിത്തോട്ടം റീ സെറ്റിൽമെന്റ് കോളനിയിൽ നൗഷറുദ്ദീനെ(62)യാണ് കോടതി ഏഴുവർഷം കഠിനതടവിനും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്.
പിഴയൊടുക്കാതിരുന്നാൽ രണ്ടുമാസം കൂടി കഠിനതടവനുഭവിക്കണം. 2017 ഡിസംബർ 25 ന് രാത്രി ക്രിസ്തുമസുമായി ബന്ധപ്പെട്ട് ചവറ പാലത്തിന് സമീപം രാത്രി വാഹനപരിശോധനയിൽ ഏർപ്പെട്ടിരുന്ന സംഘമാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്. വില്പനക്കായി കടത്തുകയായിരുന്ന ഒരുകിലോ നൂറ്റിമുപ്പത് ഗ്രാം കഞ്ചാവാണ് സ്കൂട്ടറിന്റെ സീറ്റനിടിയിലുള്ള യൂട്ടിലിറ്റി ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
പരിശോധക സംഘം കൈ കാണിച്ചിട്ടും നിർത്താതെ പോയ നൗഷറുദ്ദീനെ മുൻപിൽ നിൽക്കുകയായിരുന്ന സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ കഞ്ചാവും, കഞ്ചാവ് വിറ്റുകിട്ടിയ തുകയും വാഹനവും കണ്ടെടുത്ത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് റോയി വർഗ്ഗീസാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷ വിധിച്ച് ഉത്തരവായത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് ഹാജരായി . പ്രതിയെ മുൻപ് മറ്റൊരു കഞ്ചാവ് കേസിൽ 10 വർഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എ. സഹദുള്ളയുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സജുകുമാർ, ശ്യാംകുമാർ, ശ്യാംദാസ്, അഭിലാഷ്, സജീവ്കുമാർ, വിജു പ്രിവന്റീവ് ഓഫീസർമാരായ എസ്. ഹരി കൃഷ്ണൻ, അൻവർ.എം. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. രാമചന്ദ്രൻപിള്ള എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജുകുമാർ.ആർ., ബിജുകുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
0 Comments