banner

കൊല്ലത്ത് 51കാരിയെ റബ്ബര്‍ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം


കൊല്ലം : കടയ്ക്കലിൽ മധ്യവയസ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം സ്വദേശിനി ഷീലയാണ് റബ്ബര്‍ മരത്തിൽ തൂങ്ങി മരിച്ചത്. വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചു. വീട്ടിലേക്കുള്ള വഴിയിലെ റബ്ബർ മരത്തിലാണ് 51 കാരി തൂങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസം വസ്തു തര്‍ക്കം പരിഹരിക്കാൻ ഷീലയുൾപ്പടെയുള്ള ബന്ധുക്കൾ ഒത്തുകൂടിയിരുന്നു. അവിടെ വച്ച് ബന്ധു ഷീലയെ മര്‍ദ്ദിച്ചിരുന്നതായി കുടുബം പറയുന്നു. ഇതിൽ വീട്ടമ്മ മനോവിഷമത്തിലായിരുന്നു. ബന്ധുക്കളിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായും ഷീലയുടെ അമ്മ ആരോപിക്കുന്നു.

മകളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നും ഷീലയുടെ കുടുംബം നിലപാടെടുത്തു. തുടര്‍ന്ന് കൊട്ടാരക്കര ഡിവൈഎസ്പിയെത്തി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് കുടുംബം വഴങ്ങിയത്.

ഫോറൻസിക് സംഘവും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത കടയ്ക്കൽ പൊലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു അറിയിച്ചു.

إرسال تعليق

0 تعليقات