banner

മക്കളെ തിരക്കിയെത്തിയ സംഘം വീട്ടമ്മയെ തലക്കടിച്ച് കൊന്ന സംഭവം; പ്രധാന പ്രതി പൊലീസ് പിടിയിൽ

പത്തനംതിട്ട എനാദിമംഗലത്ത് വീട്ടിൽ കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ പ്രധാന പ്രതി പൊലീസ് കസ്റ്റഡിയിൽ. ഇരുപതംഗ അക്രമി സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ 15 ഓളം പ്രതികളാണുള്ളത്. ഇവരിൽ 9 പേരെയും തിരിച്ചറിഞ്ഞു. സംഭവത്തിന് ദൃക്സാക്ഷിയായ നന്ദിനിയെന്ന അയൽവാസി നൽകിയ മൊഴിയാണ് നിർണായകമായത്. ഇവരുടെ മൊഴിയമനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരുപതോളം പേരടങ്ങിയ സംഘം കാപ്പാ കേസ് പ്രതിയായ സൂര്യലാലിന്റെ വീട് ആക്രമിച്ചത്. വീട് പൂർണമായും അടിച്ചു തകർക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു സൂര്യലാലിന്റെ അമ്മ സുജാത. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിൽ സുജാതയുടെ തലയ്ക്കും മുഖത്തും അടിയേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം.

ശനിയാഴ്ച രാത്രിയിൽ സൂര്യലാലും സഹോദരൻ ചന്ദ്രലാലും അടങ്ങുന്ന സംഘം ഏനാദിമംഗലത്തെ കുറുമ്പക്കര മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടിരുന്നു. മണ്ണെടുത്ത ആൾക്ക് വേണ്ടി സൂര്യ ലാലും ചന്ദ്രലാലും മറുഭാഗത്തെ അക്രമിച്ചു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് വീട് ആക്രമിച്ചതിന്റെ പിന്നിൽ. സുജാതയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്ത ശേഷം വിട്ട് നൽകും.

Post a Comment

0 Comments