banner

തലസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കനക്കുന്നു!!; രണ്ടിടത്ത് കരിങ്കൊടി, യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. ആൽത്തറ ജംഗ്ഷന് സമീപത്തും വഴുതക്കാട് ടാഗോർ ഹാളിന് സമീപത്തുമായിരുന്നു പ്രതിഷേധം. നാല് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യൂത്ത് കോൺഗ്രസ്സിന്‍റെ ക്ലിഫ് ഹൗസ് മാര്‍ച്ചും സംഘര്‍ഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സമരക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ്ജുമുണ്ടായി. 

കണ്ണീര്‍ വാതക ഷെല്ലിന്‍റെ ചീള് വീണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ലിനിത്തിന്‍റെ വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റു. യൂത്ത് കോൺഗ്രസ് പാറശാല നിയോജകം കമ്മിറ്റി അംഗമായ ലിനിത്തിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസുകാരനെ വളഞ്ഞിട്ട് തല്ലി. 

ഹെൽമെറ്റ് വലിച്ചെറിയുകയും ചെയ്തു.അതേസമയം കഴിഞ്ഞദിവസം, കരിങ്കൊടി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

Post a Comment

0 Comments