Latest Posts

കൊച്ചിയിൽ വീണ്ടും വിജയക്കൊടി പാറിച്ച് ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; സജീവമായി പ്ലേ-ഓഫ് സാധ്യതകൾ

കൊച്ചി : കഴിഞ്ഞ മത്സരത്തിലെ പരാജയ ക്ഷീണം മറന്ന് ബ്ലാസ്റ്റേഴ്‌സ് കത്തിക്കയറിയപ്പോൾ സ്വന്തം കാണികൾക്കു മുന്നിൽ കൊമ്പന്മാർക്ക് തകർപ്പൻ ജയം. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയെ
ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിന് ഒരു പടികൂടി അടുത്തെത്തി. 

കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ അബ്ദുനാസർ എൽ ഖയാത്തി ചെന്നൈയിനായി ഗോൾ നേടി ഞെട്ടിച്ചപ്പോൾ സ്റ്റാർ മിഡ്ഫീൽഡറും നായകനുമായ അ‍ഡ്രിയൻ ലൂണ (38–ാം മിനിറ്റ്), മലയാളി താരം രാഹുല്‍ കെ.പി (64) എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി.

ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും ക്യാപ്റ്റന്റെ കളിയുമായി കളം നിറഞ്ഞ അഡ്രിയൻ ലൂണയാണു കളിയിലെ താരം. ചെന്നൈയിന്റെ തുടർച്ചയായ ആക്രമണങ്ങളത്രയും നിഷ്പ്രഭമാക്കി ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗില്ലും മത്സരത്തിൽ തിളങ്ങി. ബ്ലാസ്റ്റേഴ്സിന്റെ പത്താം വിജയമാണിത്. ആറു കളികൾ ടീം തോറ്റപ്പോൾ ഒന്നു സമനിലയായി.

ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 31 പോയിന്റായി. അതേസമയം 17 കളികളിൽനിന്ന് നാലു വിജയങ്ങളടക്കം 8 പോയിന്റുകളുമായി എട്ടാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി.

0 Comments

Headline