സംഘപരിവാറിനെതിരെ ശക്തമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന്റെ പിത്തലാട്ടങ്ങള്‍ക്ക് മുന്നില്‍ കേരളം വഴങ്ങില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. താത്കാലിക ലാഭത്തിനായി സംഘപരിവാറിനെ സുഖിപ്പിക്കുന്ന ചിലരുണ്ട്. എല്ലാ കാലത്തും വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടെടുത്താണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്. അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ചേരാത്ത ഒരു വിഭാഗമായിരുന്നു സംഘപരിവാര്‍. യൗവനം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി പാഴാക്കേണ്ടെന്ന് പറഞ്ഞ ഗോള്‍വാള്‍ക്കറിന്റെ നിലപാടാണ് ഇന്നും അവര്‍ തുടരുന്നത്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയിലില്‍ നിന്ന് പുറത്തുവന്ന സവര്‍ക്കറെ വീര സര്‍വര്‍ക്കര്‍ എന്ന് പാര്‍ലമെന്റില്‍ വിളിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ളവരെ വീരന്മാരായി സമൂഹം കാണില്ല. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചവര്‍ എന്നേ കാണു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മതനിരപേക്ഷതയോട് സംഘ പരിവാറിന് ബഹുമാനമില്ല. മതാതിഷ്ഠിത രാഷ്ട്രത്തിന് വേണ്ടി പ്രയത്നിക്കുന്നവര്‍ എല്ലാകാലത്തും മതനിരപേക്ഷതയെ തള്ളിപ്പറയുന്നു. ഭരണഘടനയെ തന്നെ മാറ്റാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം വികസന പാതയിലാണ്. സംസ്ഥാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു കഴിഞ്ഞു. തെറ്റായ പ്രചരണം നടത്താന്‍ വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. പൗരത്വ നിയമം കേരളത്തില്‍ ഒരിക്കലും നടപ്പാക്കില്ല. കേരളം നിലനില്‍ക്കുന്നത് കേന്ദ്രഫണ്ട് കൊണ്ടെന്ന പ്രചാരണം ചിലര്‍ നടത്തി. എന്നാല്‍, സംസ്ഥാനത്തിന്റെ നികുതിവരുമാനത്തിന്റെ ഭൂരിഭാഗവും കേന്ദ്രം കൊണ്ടു പോവുകയാണ്. രാജ്യം വര്‍ഗീയതയുടെ ഭാഗമായി എങ്ങോട്ടാണ് പോകുന്നത്? നിയമസഭാ തെരഞ്ഞെടുപ്പുകളെയും അട്ടിമറിക്കാന്‍ ബിജെപി നീക്കം നടത്തി. ജിഎസ്ടിയില്‍ നികുതി ഈടാക്കുന്നത് കേന്ദ്രമാണെന്നും സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 Comments