തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടുന്നു. പകൽ സമയം കടുത്ത ചൂടും രാത്രിയിൽ നേരിയ തണുപ്പും ആയതോടെ പലരുടെയും ഉറക്കത്തെ ഇത് ബാധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ കേരളം കണ്ട ഏറ്റവും വലിയ ചൂടുകാലത്തിനാകും ഇത്തവണ മലയാളികൾ സാക്ഷ്യത്തെ വഹിക്കുക എന്നാണ് പ്രതീക്ഷ. പല ജില്ലകളിലും ചൂട് കൂടിയതോടെ ജലദൗർലഭ്യവും തുടങ്ങിയിട്ടുണ്ട്. വരുന്ന മാസങ്ങളിൽ ഈ സ്ഥിതി കൂടുമെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് മിക്കയിടത്തും പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷങ്ങളിൽ ഫെബ്രുവരി മാസങ്ങളിൽ രേഖപ്പെടുത്തിയതിനേക്കാൾ ചൂടാണ് ഈ വർഷം അനുഭവപ്പെടുന്നത്. വരുന്ന മാസങ്ങളിൽ ചൂട് അതിഭീകരമായി മാറുമെന്നുള്ളതിൻ്റെ സൂചനകൾ കൂടിയാണ് ഇത് കാണിക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണ വിദഗ്ദർ അഭിപ്രായപ്പെടുന്നു. പാലക്കാട് ജില്ലയിലെ എരിമയൂരില്‍ ഇന്നലെ 41 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണ് ഇതെന്നാണ് വദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം രാത്രി നേരിയ തണുപ്പുള്ളത് മാത്രമാണ് കുറച്ചെങ്കിലും ആശ്വാസം തരുന്നത്. രാത്രിയും പകലും കാലാവസ്ഥയിൽ വലിയ മാറ്റമാണ് ഉണ്ടാകുന്നത്. ഈ മാറ്റം വടക്കു ഭാഗത്തു നിന്നുള്ള ആൻ്റി- സൈക്ലോണിക് സര്‍ക്കുലേഷന്റെ ഫലമായാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പകൽ കടുത്ത ചൂടും രാതി നേരിയ തണുപ്പുമാണ് ഇപ്പോൾ അനുഭവപ്പെടുന്നതെങ്കിലും ഇനിവരുന്ന ആഴ്ചകളിൽ അത് മാറിയേക്കും. പകലും രാത്രിയും കടുത്ത ചൂട് അനുഭവപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമെന്നും കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് കടുത്ത വേനല്‍ മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയാകുംമെന്നാണ് കലാവസ്ഥ വിദഗ്ധർ വ്യക്തമാക്കുന്നത്. മാര്‍ച്ച് 15നും ഏപ്രില്‍ 15നും ഇടയില്‍ സൂര്യരശ്മികള്‍ ലംബമായി കേരളത്തില്‍ പതിക്കുന്ന സമയമാണ്. ഈ സാഹചര്യം കടുത്ത ചൂട് സംസ്ഥാനത്ത് കൊണ്ടുവരും. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ കേരളത്തില്‍ ഒറ്റപ്പെട്ട വേനല്‍മഴ ലഭിക്കുമെന്നുള്ള പ്രവചനവും പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഈ മഴ കൊടുംചൂടിന് കാര്യമായ ശമനമുണ്ടാക്കില്ലെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. ഫലത്തിൽ മാർച്ച് മുതൽ കേരളം ചൂടിൽ വെന്തുരുകാൻ തുടങ്ങുമെന്നുള്ള സൂചനകളാണ് പുറത്തു വരുന്നതും.
ഇതിനിടെ മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ അവസാനത്തോടെ എല്‍നിനോ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദർ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ഇത് മണ്‍സൂണിനെയും ബാധിച്ചേക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ പലതും ഇതിനോടകം വറ്റിത്തുടങ്ങിയതിനാൽ കടുത്ത വരൾച്ചയ്ക്കാകും സംസ്ഥാനം ഇനിയുള്ള ദിനങ്ങളിൽ സാക്ഷ്യം വഹിക്കുക. കുടിവെള്ളം പോലും കിട്ടാക്കനിയാകുന്ന സാഹചര്യമായിരിക്കും സംസ്ഥാനത്ത് വരാൻ പോകുന്നതെന്നും കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
0 Comments