banner

കൊല്ലത്ത് ഇൻസ്റ്റാഗ്രാമിൽ വെല്ലുവിളിച്ചതിനെ തുടർന്ന് വിദ്യാർഥികൾ തമ്മിൽ സംഘർഷം; അഞ്ച് പേർക്ക് പരുക്ക്

കൊല്ലം : അഞ്ചൽ ഏരൂരിൽ ഇൻസ്റ്റാഗ്രാമിലൂടെ വെല്ലുവിളിച്ചതിനെ തുടർന്നുണ്ടായ വിദ്യാർഥി സംഘർഷത്തിൽ അഞ്ചോളം പേർക്ക് പരുക്കേറ്റു. അഞ്ചൽ ഏരൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ - പ്ലസ് ടു വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. അടിപിടിയിൽ അഞ്ചോളം പ്ലസ് വൺ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ വിദ്യാർഥികൾ പറയുന്നതിങ്ങനെ...
കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുൻപ് സ്കൂളിലെ പ്ലസ് വൺ - പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇരു സംഘങ്ങളിലെയും വിദ്യാർഥികളെ സ്കൂൾ അധികൃതർ താക്കീത് ചെയ്ത് വിട്ടിരുന്നു. തുടർന്ന് പ്ലസ്ടു ക്ലാസുകളിലെ അദ്ധ്യായന ദിനങ്ങൾ അവസാനിക്കാനിരിക്കെ ഇന്ന് പരീക്ഷയ്ക്കായുള്ള ഹാൾ ടിക്കറ്റ് വിതരണം ചെയ്തിരുന്നു. ഇത് വാങ്ങിയതിന് ശേഷം ഇവർ  പ്ലസ് വൺ വിദ്യാർഥികളെ കല്ലുകളും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പ്ലസ് വൺ വിദ്യാർഥികൾ പറയുന്നു. തങ്ങളെ ഒരു കാരണവുമില്ലാതെയാണ് അവർ മർദ്ദിച്ചതെന്ന് വിദ്യാർഥികൾ കൂട്ടിച്ചേർത്തു. 

അതേ സമയം ഈക്കാര്യങ്ങൾ സ്കൂൾ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ആദ്യത്തെ വാക്കുതർക്കത്തിന് ശേഷം അടുത്ത സമയത്ത് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വെല്ലുവിളിച്ചതിനെ തുടർന്നാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായതെന്നാണ് മറ്റ് വിദ്യാർഥികൾ പറയുന്നത്. 

Post a Comment

0 Comments