പത്തനംതിട്ട : അടൂരിൽ വീടുകയറിയുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഒഴുകുപാറ സ്വദേശി സുജാത(55)യാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുജാത മരിച്ചത്.
മക്കളോടുള്ള വൈരാഗ്യമാണ് ആക്രമണത്തിനും പിന്നീട് അത് കൊലപാതകത്തിലും അവസാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് സുജാതയെ 15 അംഗസംഘം വീടുകയറി ആക്രമിച്ചത്. സുജാതയെ ആക്രമിച്ച ശേഷം കട്ടിൽ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കിണറ്റിലിട്ട് വീട് തല്ലി തകർത്താണ് സംഘം മടങ്ങിയത്.
സുജാതയുടെ മക്കളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. സൂര്യ ലാൽ കാപ്പാ കേസിലും പ്രതിയാണ്. 15 പേർ അക്രമി സംഘത്തിൽ ഉണ്ടായിരുന്നതായി പറയുന്നു. ഈ പ്രദേശത്തു വ്യാപകമായ മണ്ണ് കടത്താണ് നടക്കുന്നത്. ഇത് പല മാഫിയകളാണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ ദിവസം സൂര്യലാലും ചന്ദ്രലാലും മറ്റൊരു സംഘവുമായി ഇക്കാര്യത്തിൽ തർക്കം ഉണ്ടായിരുന്നു.
അന്ന് ഇത് അവസാനിച്ചെങ്കിലും പകരം ചോദിക്കാനായാണ് കൂടുതൽ പേരുമായി ഇവർ സുജാതയുടെ വീട്ടിലേക്ക് വന്നത്. എന്നാൽ ഇവർ വന്നപ്പോൾ മക്കൾ ഉണ്ടായിരുന്നില്ല. തുടർന്നുള്ള സംഘർഷത്തിനിടയിലാണ് സുജാതയ്ക്ക് പരിക്കേൽക്കുന്നത്. ഇവരെ അടൂർ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. ചികിത്സ നടത്തിയെങ്കിലും പരിക്കുകൾ ഗുരുതരമായിരുന്നതിനാൽ മരണം സംഭവിക്കുകയായിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments