banner

എഞ്ചിൻ ഓയിൽ ചോർച്ച!!, മുന്നൂറ് യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി

സ്റ്റോക്ക്ഹോം : സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. നെവാർക്ക് (യുഎസ്)-ഡൽഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് സ്വീഡനിലെ സ്റ്റോക്ക്ഹോം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. 300 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

എയർ ഇന്ത്യയുടെ ബോയിംഗ് 777-300 ER വിമാനത്തിനാണ് പറക്കലിനിടെ സാങ്കേതിക തകരാറുണ്ടായത്. വിമാനത്തിന്റെ എഞ്ചിൻ ഓയിൽ ചോർന്നതിനെ തുടർന്നാണ് വഴിതിരിച്ചുവിട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം അടിയന്തരമായി ഇറക്കിയതിനാൽ നിരവധി ഫയർ എഞ്ചിനുകൾ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ടെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

എഞ്ചിനിൽ എണ്ണ ചോർച്ചയുണ്ടായെന്നും പിന്നീട് വിമാനം സുരക്ഷിതമായി സ്റ്റോക്ക്‌ഹോമിൽ ഇറക്കിയെന്നും മുതിർന്ന ഡിജിസിഎ ( ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ഉദ്യാഗസ്ഥൻ പറഞ്ഞു. പരിശോധനയ്ക്കിടെ, രണ്ടാമത്തെ എഞ്ചിനിൽ നിന്ന് എണ്ണ ചോരുന്നതായി കണ്ടെത്തിയെന്നും കൂടുതൽ പരിശോധന പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം മെഡിക്കൽ എമർജൻസി കാരണം ലണ്ടനിലേക്ക് തിരിച്ചുവിട്ടിരുന്നു.

Post a Comment

0 Comments