banner

പ്രവർത്തി ദിനത്തിൽ അവധിയെടുത്ത് ഉല്ലാസയാത്ര: എംഎൽഎ എത്തിയപ്പോൾ കണ്ടത് ഒഴിഞ്ഞ കസേരകൾ; എഡിഎമ്മിന്‍റെ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച് കെ.യു ജെനീഷ് കുമാർ എം.എൽ.എ

പത്തനംതിട്ട : പ്രവർത്തി ദിനത്തിൽ അവധിയെടുത്ത് ഉല്ലാസയാത്രക്കു പോയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ എഡിഎമ്മിന്‍റെ പ്രവർത്തനങ്ങളോട് വലിയ വിമർശമാണ് എംഎൽഎ പ്രകടിപ്പിച്ചിരിക്കുന്നത്.

എഡിഎം ജീവനക്കാരെ സംരക്ഷിക്കുകയാണ്.എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓഫീസിലെ രഹസ്യസ്വഭാവമില്ലാത്ത രേഖകൾ പരിശോധിക്കാൻ എംഎൽഎയ്ക്ക് സാധിക്കും.അതു സംബന്ധിച്ച സർക്കുലർ സർക്കാർ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ ഡി എം പരിശോധിക്കാൻ വന്നപ്പോൾ തന്നെ വിളിച്ചിട്ടില്ലെന്നും പരിശോധന കഴിഞ്ഞ് മടങ്ങിയ എഡിഎം താൻ വിളിച്ചപ്പോൾ പ്രതികരിച്ചിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം എഡിഎം തന്നെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും കുറ്റപ്പെടുത്തി. 

ജീവനക്കാർ ഇല്ലാതെ വന്നതോടെ ജനങ്ങൾ ബഹളം വയ്ക്കുന്നതറിഞ്ഞാണ് താൻ താലൂക്ക് ഓഫീസിൽ എത്തിയത്. ആ സമയത്ത് എഡിഎം മാന്യമായ രീതിയിലാണ് പെരുമാറിയത്. 21 പേർ അറ്റന്‍റൻസ് രജിസ്റ്ററിൽ ഒപ്പിട്ടിരുന്നു. അത്രയും പേർ അവിടെയുണ്ടായിരുന്നില്ല. മൂവ്മെന്‍റ് രജിസ്റ്റർ താൻ പരിശോധിച്ചിട്ടില്ലായിരുന്നു.

കല്യാണം കൂടലും മരണം കൂടലും മാത്രമല്ല ഒരു എംഎൽഎയുടെ ജോലി. അധിക്ഷേപം സഹിച്ച് എംഎൽഎയായിരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം എഡിഎമ്മിനെതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കി. കൂട്ട അവധിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും റവന്യു മന്ത്രിയുടെ ഇടപെടൽ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments