banner

കിഫ്ബി പദ്ധതികൾക്കായി അടുത്ത സാമ്പത്തിക വർഷം 9000 കോടി കടമെടുക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം : കിഫ്ബി പദ്ധതികള്‍ക്കായി വരുന്ന സാമ്പത്തിക വർഷം 9000 കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 5681.98 കോടിയുടെ 64 പദ്ധതികൾക്ക് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി. കിഫ്ബിക്ക് നിലവില്‍ പ്രതിസന്ധികള്‍ ഒന്നുമില്ലെന്നും ബോര്‍ഡ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ ധനമന്ത്രി പറഞ്ഞു.

കിഫ്ബി ബോർഡ് യോഗമാണ് കൂടുതൽ പദ്ധതികൾക്ക് ധനാനുമതി നൽകിയത്. മലയോര, തീരദേശ ഹൈവേകൾ ഉൾപ്പടെ പൊതുമരാമത്ത് റോഡ് പദ്ധതികൾക്ക് സ്ഥലമെടുപ്പിനുൾപ്പടെ 3414 കോടി അനുവദിച്ചു. പിണറായി വില്ലേജിൽ വിദ്യാഭ്യാസ സമുച്ചയ നിർമാണത്തിന് 232 കോടിയും കണ്ണൂർ എയർപോർട്ടിനോട് ചേര്‍ന്ന് മൂന്ന് റോഡുകൾക്ക് സ്ഥലമെടുക്കാൻ 1979 കോടിയും അനുവദിച്ചു. ഇതുവരെ 23095 കോടിയാണ് കിഫ്ബി പദ്ധതികൾക്കായി ചെലവഴിച്ചത്. ഇതില്‍ 12089 കോടിയുടെ പദ്ധതികൾ പൂർത്തിയായതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

9000 കോടി കൂടി കടമെടുക്കും. വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകേണ്ടി വരും. അതിനായി സംസ്ഥാനം യോജിച്ച് മുന്നോട്ടുപോകണമെന്നും ബാലഗോപാൽ പറഞ്ഞു. അസറ്റ് ലയബിലിറ്റി മാനേജ്മെൻ്റ് സംവിധാനം വഴി ശാസ്ത്രീയമായ രീതിയിൽ വിവേകപൂർവമായ കടമെടുപ്പാണ് നടത്തുന്നതെന്നും ധനമന്ത്രിയും കിഫ്ബി സിഇഒയും അവകാശപ്പെട്ടു.

Post a Comment

0 Comments